ജെഎന്‍യു പ്രക്ഷോഭം: പ്രശ്‌നം ഉടന്‍ പരിഹരിക്കണം; അമിത് ഷായുടെ നിര്‍ദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th November 2019 08:51 PM |
Last Updated: 20th November 2019 08:51 PM | A+A A- |

ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനവിന് എതിരെ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന പ്രക്ഷോഭത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടുന്നു. സ്ഥിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊക്രിയാലുമായി അദ്ദേഹം ചര്‍ച്ച നത്തി. വിഷയത്തില്‍ എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സോഷ്യല്‍ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും സമരത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന സന്ദര്‍ഭത്തിലാണ് സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കാന്‍ ചര്‍ച്ച നടത്തിയതെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ, മാനവ വിഭവ ശേഷി വകുപ്പ് നിയോഗിച്ച സമിതിയുമായി വിദ്യാര്‍ത്ഥികള്‍ ചര്‍ച്ച നടത്തിയിരുന്നു. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ തങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാവാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.
കഴിഞ്ഞദിവസം, കലാപമുണ്ടാക്കാന്‍ ശ്രമിക്കുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഡല്‍ഹി പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ കോടതി നിര്‍ദേശം ലംഘിച്ചു എന്നാരോപിച്ച് സര്‍വകലാശാല അധികൃതര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന് നൂറ് മീറ്റര്‍ പരിധിയില്‍ പ്രതിഷേധങ്ങള്‍ പാടില്ലെന്ന കോടതി നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ മറികടുന്നു എന്ന് കാട്ടിയാണ് അധികൃതര്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍, ഡല്‍ഹി പൊലീസ് എന്നിവര്‍ക്ക് എതിരെയാണ് ഹര്‍ജി.