പൗരത്വ രജിസ്റ്റര്‍ ബംഗാളില്‍ നടപ്പാക്കില്ല; അമിത് ഷായ്ക്ക് മമതയുടെ മറുപടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th November 2019 04:23 PM |
Last Updated: 20th November 2019 04:23 PM | A+A A- |

കൊല്‍ക്കത്ത: രാജ്യത്താകെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ ബംഗാളില്‍ അനുവദിക്കില്ലെന്ന് മമത് പറഞ്ഞു.
ബംഗാളിലെ ആരുടേയും പൗരത്വം ഒരാളും രേഖപ്പെടുത്താന്‍ പോകുന്നില്ല. വര്‍ഗീയ തരംതിരിവുകളുടെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ തന്റെ സര്‍ക്കാര്‍ ഒരുക്കമല്ലെന്നും മമത പറഞ്ഞു. അസമില്‍ എന്‍ആര്‍സി നടപ്പാക്കിയത് വിവാദമായപ്പോള്‍ അതിനെതിരെ മമത രംഗത്തെത്തിയിരുന്നു.
ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യമാകെ നടപ്പാക്കുമെന്ന് രാജ്യസഭയില്‍ അമിത് ഷാ ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ഒരു മതവിഭാഗക്കാരും പരിഭ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം ലഭിക്കുന്നതിനാല്‍ പൗരത്വ ഭേദഗതി ബില്‍ അനിവാര്യമാണ്. പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും വ്യത്യസ്തമാണ്. മതപരമായ വേര്‍തിരിവില്ലാതെ എല്ലാ പൗരന്മാര്‍ക്കും പൗരത്വ രജിസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെടും. അതില്‍ ആരും ആശങ്കപ്പെടേണ്ടതില്ല. എല്ലാവരും പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുന്നതിനുള്ള ഒരു നടപടിക്രമം മാത്രമാണിതെന്നും അമിത് ഷാ അറിയിച്ചു.
1971 മാര്‍ച്ച് 25ന് മുമ്പ് ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയവരെ കണ്ടെത്തുകയും അവരെ തിരിച്ചയക്കുകയുമായിരുന്നു എന്‍ആര്‍സിയുടെ മുഖ്യ ലക്ഷ്യം. 19 ലക്ഷത്തിലേറെ പേരാണ് അസമില്‍ പട്ടികക്ക് പുറത്തായത്.