പ്രാദേശിക നേതാക്കള്‍ റോഡ് നിര്‍മാണം തടസപ്പെടുത്തുന്നു; അന്വേഷണം ആവശ്യപ്പെട്ട് ഗഡ്കരി

റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക നേതാക്കള്‍ ബോധപൂര്‍വം തടസം സൃഷ്ടിക്കുന്നുവെന്ന പരാതി കരാറുകാരും സര്‍ക്കാരിതര സംഘടനകളും ഉന്നയിച്ച പശ്ചാത്തലത്തിലാണ് നടപടി
പ്രാദേശിക നേതാക്കള്‍ റോഡ് നിര്‍മാണം തടസപ്പെടുത്തുന്നു; അന്വേഷണം ആവശ്യപ്പെട്ട് ഗഡ്കരി

ന്യൂഡല്‍ഹി: റോഡ് നിര്‍മാണത്തിന് തടസപ്പെടുത്തുന്ന നേതാക്കള്‍ക്കെതിരേ അന്വേഷണം നടത്താന്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ നിര്‍ദേശം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയെന്ന് ആരോപണം നേരിടുന്ന പ്രാദേശിക നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരെയാവും അന്വേഷണമുണ്ടാവുക. സിബിഐക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഗഡ്കരി കത്തയച്ചു. 

റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക നേതാക്കള്‍ ബോധപൂര്‍വം തടസം സൃഷ്ടിക്കുന്നുവെന്ന പരാതി കരാറുകാരും സര്‍ക്കാരിതര സംഘടനകളും ഉന്നയിച്ച പശ്ചാത്തലത്തിലാണ് നടപടി. ഇത്തരം ആരോപണം ഉയര്‍ന്നിട്ടുള്ളത് ജനപ്രതിനിധികള്‍ക്കെതിരെ ആണെങ്കില്‍പ്പോലും അന്വേഷണം നടത്തണമെന്നാണ് ഗഡ്കരി അന്വേഷണ ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുള്ളത്.

പ്രാദേശിക നേതാക്കളില്‍ ചിലര്‍ കരാറുകാരോട് പണം ചോദിച്ചുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രാദേശിക നേതാക്കള്‍ റോഡ് നിര്‍മാണത്തിന് തടസം നില്‍ക്കുന്നതിന്റെ ഓഡിയോ  വീഡിയോ ക്ലിപ്പുകളും ഉള്‍പ്പെടുത്തിയാണ് അദ്ദേഹത്തിന്റെ കത്ത്.

പ്രാദേശിക നേതാക്കള്‍ ജനപ്രതിനിധികളുടെ സഹായത്തോടെ ഇടപെടലുകള്‍ നടത്തുന്നതുമൂലം റോഡ് നിര്‍മ്മാണ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്. ചരക്കുനീക്കം നടത്തുന്നവരെ ചെക്ക് പോസ്റ്റുകളില്‍വച്ച് ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഗഡ്കരി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ തെളിവുകള്‍ സ്വീകരിക്കാന്‍ റെയ്ഡുകള്‍ അടക്കമുള്ളവ നടത്തണമെന്നും കേന്ദ്രമന്ത്രി നിര്‍ദ്ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com