ബിപിസിഎല്‍  ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം; കൊച്ചിന്‍ റിഫൈനറിയും വില്‍പ്പനക്ക്

കൊച്ചിന്‍ റിഫൈനറി ഉള്‍പ്പടെ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്
ബിപിസിഎല്‍  ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം; കൊച്ചിന്‍ റിഫൈനറിയും വില്‍പ്പനക്ക്


ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയായ  ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍)  ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികളും വില്‍ക്കും. കൊച്ചിന്‍ റിഫൈനറി ഉള്‍പ്പടെ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.

ബിപിസില്‍  വില്‍ക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് നിയമസഭ ഒറ്റക്കെട്ടായി  ആവശ്യപ്പെട്ടിരുന്നു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാനപങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ സഭ ആശങ്ക പ്രകടിപ്പിച്ചു.അരനൂറ്റാണ്ടായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന  ബിപിസിഎല്ലിന്റെ  53.29 ശതമാനം ഓഹരി കേന്ദ്ര സര്‍ക്കാരിന്റേതാണ്. അത് പൂര്‍ണമായും വിറ്റഴിക്കുന്നത് സ്വകാര്യ കുത്തക കമ്പനികള്‍ക്ക് വന്‍ നേട്ടമുണ്ടാക്കും.  ഇതോടെ പ്രതിവര്‍ഷം ഭീമമായ തുക നികുതിയിനത്തില്‍ സര്‍ക്കാരിന് നല്‍കുന്ന സ്ഥാപനം ഫലത്തില്‍ ഇല്ലാതാകും.

മുപ്പതിനായിരത്തോളം സ്ഥിരം, കരാര്‍ ജീവനക്കാരുടെ തൊഴില്‍ സ്ഥിരതയെ ഈ നീക്കം ദോഷകരമായി ബാധിക്കും. കോടിക്കണക്കിന് വരുന്ന പാചകവാതക ഉപയോക്താക്കള്‍ക്ക് നിലവില്‍ ലഭിക്കുന്ന സബ്‌സിഡി നഷ്ടമാകും. രാജ്യത്തിന്റെ ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതില്‍ മര്‍മപ്രധാനമായ പങ്കുവഹിക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനിയുടെ സ്വാകാര്യവല്‍ക്കരണം രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്നതാണ്.

ബിപിസിഎല്ലിന്റെ കൊച്ചി റിഫൈനറി സ്ഥാപിച്ചത് കേരള സര്‍ക്കാര്‍കൂടി  മുന്‍കൈ എടുത്താണ്.  റിഫൈനറി  ബിപിസിഎല്‍   ഏറ്റെടുത്തപ്പോള്‍ സംസ്ഥാനത്തിന്റെ ഓഹരി നിലനിര്‍ത്തുകയും ബോര്‍ഡില്‍ ഒരു ഡയറക്ടറെ ഉള്‍പ്പെടുത്തുകയും ചെയ്തു. സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തികവും സാമ്പത്തികേതരവുമായ പിന്തുണ നല്‍കി. ഈ നിലയില്‍ 1500 കോടിരൂപയാണ് കേരളം ഈ പൊതുമേഖലാ കമ്പനിക്ക് വായ്പയായി നല്‍കാന്‍ നിശ്ചയിച്ചത്. 25,000 കോടിരൂപ മുതല്‍മുടക്കില്‍ കൊച്ചിയില്‍ വന്‍കിട പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കാനുള്ള നടപടി സംസ്ഥാനം സ്വീകരിച്ചുവരികയാണ്.ഇതിനുള്ള അസംസ്‌കൃത പദാര്‍ഥങ്ങള്‍ റിഫൈനറിയില്‍ നിന്നാണ് ലഭ്യമാകേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com