പിരിച്ചുവിടാന്‍ നോട്ടീസ്; 24കാരിയായ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st November 2019 11:47 AM |
Last Updated: 21st November 2019 11:47 AM | A+A A- |

ഹൈദരാബാദ്: പിരിച്ചുവിടുന്നവരുടെ പട്ടികയില്‍ ഇടംപിടിച്ചതിനെ തുടര്‍ന്ന് വനിത ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കി. പിരിച്ചുവിടുന്നവരുടെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചതില്‍ യുവതി വിഷാദത്തിലായിരുന്നുവെന്നും ഇക്കാര്യം സഹോദരനോട് പറഞ്ഞിരുന്നതായും പൊലീസ് പറയുന്നു.
തെലങ്കാനയിലെ റായ്ദുര്‍ഗം മേഖലയില്‍ ബുധനാഴ്ചയാണ് സംഭവം. 24 വയസ്സുകാരിയായ ഹരിനിയെയാണ് ഹോസ്റ്റല്‍ മുറിയുടെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരു സ്‌ഫോറ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയാണ് യുവതി. പിരിച്ചുവിടുന്നവരുടെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.
ജോലി നഷ്ടപ്പെടുമെന്ന കാര്യം സഹോദരനോട് പറഞ്ഞതിന് പിന്നാലെയാണ് സംഭവം. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുളള ആത്മഹത്യാകുറിപ്പ് അവിടെ നിന്ന് കിട്ടിയതായി പൊലീസ് പറയുന്നു. പൊലീസ് തുടരന്വേഷണം ആരംഭിച്ചു.