അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് അംബാനിയുടെ 500 കോടി?; പ്രചാരണത്തിന് പിന്നിലെ സത്യം എന്ത്?

അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണത്തിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി 500 കോടി രൂപ വാഗ്ദാനം ചെയ്തതായി വ്യാജപ്രചാരണം
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് അംബാനിയുടെ 500 കോടി?; പ്രചാരണത്തിന് പിന്നിലെ സത്യം എന്ത്?

ലക്‌നൗ:  അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണത്തിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി 500 കോടി രൂപ വാഗ്ദാനം ചെയ്തതായി വ്യാജപ്രചാരണം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുളള മുകേഷ് അംബാനിയുടെ കൂടിക്കാഴ്ചയുടെ ചിത്രമാണ് വ്യാജപ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ വ്യാപകമായി പ്രചരിക്കുന്ന ഈ ചിത്രം 2017ലേത് ആണെന്ന് കണ്ടെത്തുകയായിരുന്നു.

മുകേഷ് അംബാനിക്ക് പൂച്ചെണ്ട് നല്‍കി യോഗി ആദിത്യനാഥ് സ്വീകരിക്കുന്ന ചിത്രമാണ് വ്യാജപ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇത് അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് 500 കോടി രൂപ വാഗ്ദാനം നല്‍കി കൊണ്ടുളള കൂടിക്കാഴ്ചയുടെ ചിത്രമാണ് എന്ന് പറഞ്ഞാണ് വ്യാജപ്രചാരണം നടന്നത്. സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായാണ് ഇത് പ്രചരിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് 7300 ഓളം ഷെയറാണ് ഇതിന് ലഭിച്ചത്.

എന്നാല്‍ 2017ല്‍ യോഗി ആദിത്യനാഥും മുകേഷ് അംബാനിയും പരസ്പരം കണ്ടുമുട്ടുന്നതിന്റെ ചിത്രമാണിതെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയുകയായിരുന്നു.  2017 ഡിസംബറില്‍ ഇതുസംബന്ധിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തയും ഇത് വ്യാജപ്രചാരണമാണെന്ന് തെളിയിക്കുന്നു.

നവംബര്‍ ഒന്‍പതിനാണ് അയോധ്യയിലെ തര്‍ക്കഭൂമി ഹിന്ദു സംഘടനകള്‍ക്ക് വിട്ടുനല്‍കി കൊണ്ടുളള സുപ്രീംകോടതി ഉത്തരവ് വന്നത്. ഇതിന് പിന്നാലെയാണ് ക്ഷേത്രനിര്‍മ്മാണത്തിന് മുകേഷ് അംബാനി കോടികള്‍ വാഗ്ദാനം നല്‍കി എന്ന തരത്തില്‍ വ്യാജ പ്രചാരണം നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com