ആശ്രമത്തില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തി; ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരേ കേസ്; രണ്ട് ശിഷ്യര്‍ അറസ്റ്റില്‍

അഹമ്മദാബാദ് ആശ്രമത്തിന്റെ ചുമതലക്കാരായ സ്വാമിനി പ്രാണപ്രിയാനന്ദ, സ്വാമിനി പ്രിയതത്വ പൃഥ്വി കിരണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
ആശ്രമത്തില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തി; ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരേ കേസ്; രണ്ട് ശിഷ്യര്‍ അറസ്റ്റില്‍


 
അഹമ്മദാബാദ്; പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി തടവില്‍വച്ചതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ആള്‍ദൈവം നിത്യാനന്ദ യ്‌ക്കെതിരേ കേസെടുത്തു. ആശ്രമം റെയ്ഡ് ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് ഗുജറാത്ത് പൊലീസ് കേസെടുത്തത്. കൂടാതെ നിത്യാനന്ദയുടെ ശിക്ഷരായ രണ്ട് സ്വാമിനിമാരെ അറസ്റ്റു ചെയ്തു. 

അഹമ്മദാബാദ് ആശ്രമത്തിന്റെ ചുമതലക്കാരായ സ്വാമിനി പ്രാണപ്രിയാനന്ദ, സ്വാമിനി പ്രിയതത്വ പൃഥ്വി കിരണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആശ്രമത്തിലും ഒരു ഫ്‌ലാറ്റിലുമായി നടത്തിയ പരിശോധനയില്‍ നാലു കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, തടവില്‍ വയ്ക്കല്‍, ശാരീരിക മര്‍ദനത്തിന് ഇരയാക്കല്‍, നിര്‍ബന്ധിതമായി ജോലി ചെയ്യിപ്പിക്കല്‍, സംഭാവന ലഭിക്കാന്‍ ഉപയോഗപ്പെടുത്തല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് സ്വാമിക്കും കൂട്ടാളികള്‍ക്കും എതിരേ ചുമത്തിയിരിക്കുന്നത്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 

ഫ്‌ലാറ്റില്‍നിന്നു കണ്ടെത്തിയ ഒന്‍പതും പത്തും പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കളെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചു. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും മതപരമായ ചടങ്ങുകളില്‍ കുട്ടികളെ പങ്കെടുപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം തന്റെ പെണ്‍മക്കളെ നിത്യാനന്ദ ആശ്രമത്തില്‍ തടവില്‍ വെച്ചിരിക്കുകയാണെന്ന പരാതിയുമായി ജനാര്‍ദന ശര്‍മ എന്നയാള്‍ ഹൈക്കോടതിയില്‍  പരാതി നല്‍കിയിരുന്നു. ഈ കുട്ടികളെ രക്ഷിച്ച് രക്ഷിതാക്കള്‍ക്കു കൈമാറിയെന്നു പോലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com