ശിവസേന സഖ്യത്തില്‍ തീരുമാനം നാളെ ; 'മതേതരത്വം' വേണമെന്ന് കോണ്‍ഗ്രസ് ; മുഖ്യമന്ത്രി പദം പങ്കുവെക്കാനാവില്ലെന്ന് ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയില്‍ ശിവസേനയുമായി കൈകോര്‍ക്കാനുള്ള തീരുമാനം വന്‍ വിഡ്ഡിത്തരമെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം
ശിവസേന സഖ്യത്തില്‍ തീരുമാനം നാളെ ; 'മതേതരത്വം' വേണമെന്ന് കോണ്‍ഗ്രസ് ; മുഖ്യമന്ത്രി പദം പങ്കുവെക്കാനാവില്ലെന്ന് ഉദ്ധവ് താക്കറെ


ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരണശ്രമങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. ശിവസേനയ്ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ നാളെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. സഖ്യം സംബന്ധിച്ചും, സംസ്ഥാനത്തെ സ്ഥിതിഗതികളും പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗം ചര്‍ച്ച ചെയ്തതായി വേണുഗോപാല്‍ അറിയിച്ചു.

എന്‍സിപി നേതാവ് ശരദ് പവാറുമായി സോണിയാഗാന്ധി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാവിലെ കോണ്‍ഗ്രസ് നേതാക്കളുമായി സോണിയ കൂടിയാലോചന നടത്തിയത്. മഹാരാഷ്ട്രയിലെ സേനാ സഖ്യവുമായി മുന്നോട്ടുപോകാന്‍ സോണിയ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് അനുവാദം നല്‍കിയതായി സൂചനയുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തുടര്‍ചര്‍ച്ചകള്‍ മുംബൈയില്‍ നടക്കുമെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് തലവന്‍ ബാലാസാഹേബ് തോറാട്ട് പറഞ്ഞു.

സഖ്യസര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പൊതുമിനിമം പരിപാടി അടക്കമുള്ളവ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും ചര്‍ച്ച ചെയ്തിരുന്നു. പൊതുമിനിമം പരിപാടിയില്‍ മതേതരത്വം എന്ന ഉറപ്പായും ഉണ്ടാകണമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന നിബന്ധന. പുതിയ സഖ്യസര്‍ക്കാര്‍ മതേതര സ്വഭാവത്തോടുകൂടിയുള്ളതാണെന്ന് ഉറപ്പാക്കണമെന്നും കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍സിപിയോട് നിര്‍ദേശിച്ചു. കടുത്ത ഹിന്ദുവാദികളായ ശിവസേനയ്‌ക്കൊപ്പം ചേരുന്നതില്‍, മുസ്ലിം ഘടകകക്ഷികള്‍ കോണ്‍ഗ്രസിനെ ആശങ്ക അറിയിച്ച പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ നടപടി.

ശിവസേനയും എന്‍സിപിയും മുഖ്യമന്ത്രി പദം പങ്കുവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിപദം പങ്കിടുന്നതിനോട് ശിവസേനയ്ക്ക് താല്‍പ്പര്യമില്ല. അഞ്ചുവര്‍ഷവും മുഖ്യമന്ത്രിപദം തങ്ങള്‍ക്ക് വേണമെന്നാണ് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ നിലപാട് സ്വീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രിപദത്തെച്ചൊല്ലിയാണ് ശിവസേന എന്‍ഡിഎ വിട്ടതെന്നും, അതിനാല്‍ മുഖ്യമന്ത്രിപദവി സേനയ്ക്ക് അര്‍ഹതപ്പെട്ടതാണെന്ന് എന്‍സിപി നേതാവ് നവാബ് മാലിക് അഭിപ്രായപ്പെട്ട കാര്യവും താക്കറെ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞദിവസം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യസഭയില്‍ എന്‍സിപിയെ പുകഴ്ത്തിയതിന് പിന്നാലെയുള്ള കൂടിക്കാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കും ശക്തിപകര്‍ന്നിരുന്നു. പവാറിന് മോദി രാഷ്ട്രപതി പദവി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം സേനയുമായി സഖ്യം ചേരാനുള്ള നീക്കത്തെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം വീണ്ടും ശക്തമായി വിമര്‍ശിച്ചു. മുമ്പ് യുപിയില്‍ ബിഎസ്പിയുമായി സഹകരിച്ചാണ് കോണ്‍ഗ്രസ് അബദ്ധം കാണിച്ചത്. വന്‍ തിരിച്ചടിയായിരുന്നു ഫലം. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ ശിവസേനയുമായി കൈകോര്‍ക്കാനുള്ള തീരുമാനം അതിനേക്കാള്‍ വലിയ മണ്ടത്തരമാണെന്നും സഞ്ജയ് നിരുപം അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com