അമരാവതി ഉള്‍പ്പെടുത്തി; പുതിയ ഭൂപടം വീണ്ടും പരിഷ്‌കരിച്ച് കേന്ദ്ര സര്‍ക്കാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd November 2019 10:22 PM |
Last Updated: 22nd November 2019 10:22 PM | A+A A- |
ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഭൂപടം വീണ്ടും പരിഷ്‌കരിച്ച് കേന്ദ്ര സര്‍ക്കാര്‍. ആന്ധ്രയുടെ തലസ്ഥാനമായി അമരാവതിയെ ഉള്‍പ്പെടുത്തിയാണ് പുതിയ ഭൂപടം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്.
നേരത്തെ പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ അമരാവതിയെ ഒഴിവാക്കിയത് വിവാദമായിരുന്നു. മുഖ്യമന്ത്രി ജഗ്മോഹന്‍ റെഡ്ഡിയുടെ താത്പര്യത്തെ തുടര്‍ന്നാണ് അമരാവതിയെ ഒഴിവാക്കി ഭൂപടം പ്രസിദ്ധീകരിച്ചതെന്നും, തലസ്ഥാനം മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ടിഡിപി ആരോപിച്ചിരുന്നു.
ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ആന്ധ്രയുടെ തലസ്ഥാനമായി അമരാവതിയെ ഉള്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത്. കേന്ദ്ര ഭരണ പ്രദേശങ്ങളായ കശ്മീര്‍, ലഡാക്ക് എന്നിവയെ രേഖപ്പെടുത്തിയ ഭൂപടത്തില്‍ നിന്ന് ആന്ധ്രയുടെ തലസ്ഥാനം മാത്രം രേഖപ്പെടുത്താതെ വിടുകയായിരുന്നു.
അമരാവതി. ആന്ധ്രയുടെ തലസ്ഥാനമായി പ്രഖ്യാപിച്ചത് 2014ലാണ്. സെക്രട്ടറിയേറ്റും ഹൈക്കോടതിയും ഇവിടേക്ക് മാറ്റിയിരുന്നു. എന്നാല്‍ അധികാരമേറ്റതിന് പിന്നാലെ ജഗന്‍ ഇവിടുത്തെ നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെച്ചിരുന്നു. മുന്‍ സര്‍ക്കാര്‍ ഇവിടെ പണി കഴിപ്പിച്ച കോണ്‍ഫറന്‍സ് ഹാള്‍ പൊളിക്കുകയും ചെയ്തു.