എന്‍സിപിയുമായി സഹകരിച്ച് ശിവസേന സര്‍ക്കാരുണ്ടാക്കുന്നത് തടയണം; സുപ്രീം കോടതിയില്‍ ഹര്‍ജി

മഹാരാഷ്ട്രയില്‍ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
എന്‍സിപിയുമായി സഹകരിച്ച് ശിവസേന സര്‍ക്കാരുണ്ടാക്കുന്നത് തടയണം; സുപ്രീം കോടതിയില്‍ ഹര്‍ജി

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ദിനോഷി മണ്ഡലത്തിലെ ഒരു വോട്ടറാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ മൂന്ന് പാര്‍ട്ടികളും കൂടി തെരഞ്ഞടുപ്പ് വിധിയെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഹര്‍ജിക്കാരനായ സുരേന്ദ്ര ഇന്ദ്രബഹാദൂര്‍ സിംഗ് പറയുന്നു.

ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാലു പ്രധാനപാര്‍ട്ടികള്‍ രണ്ട് സഖ്യങ്ങളായാണ് മത്സരിച്ചത്. ഭാരതീയ ജനതാ പാര്‍ട്ടിയും ശിവസേനയും ഒരു സഖ്യമായും കോണ്‍ഗ്രസും എന്‍സിപിയും മറ്റ് സഖ്യമായാണ് മത്സരരംഗത്തുണ്ടായത്. വോട്ടര്‍മാര്‍ സഖ്യത്തിനാണ് വോട്ട് രേഖപ്പെടുത്തിയത്.  വോട്ടണ്ണെല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി ശിവസേന സഖ്യത്തിന് 161 സീറ്റുകള്‍ ലഭിച്ചു. അധികാരത്തിലേറാനുള്ള ഭൂരിപക്ഷവും സഖ്യത്തിന് കിട്ടി.

മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് പതിറ്റാണ്ടായി തുടരുന്ന ബിജെപി സഖ്യം ശിവസേന അവസാനിപ്പിച്ചു. ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എല്ലാപാര്‍ട്ടികളെയും ക്ഷണിച്ചെങ്കിലും ആര്‍ക്കും നിശ്ചിത സമയത്തിനുള്ളില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനായില്ല. അതിന് പിന്നാലെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനാവാത്ത സാഹചര്യം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് നവംബര്‍ 12ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.

ഉദ്ദവ് താക്കറെ ഇപ്പോള്‍ എന്‍സിപിയും കോണ്‍ഗ്രസുമായി സഹകരിച്ച് സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ബിജെപിയുമായി സഖ്യത്തിലായതിന്റെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്ത വോട്ടര്‍മാരെ വഞ്ചിക്കുന്ന നടപടിയാണ് ഇപ്പോഴത്തെ സഖ്യനീക്കമെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. ശിവസേനയുടെ നേതൃത്വത്തിലുള്ള പുതിയ സഖ്യത്തെ  സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചാല്‍ അത് പുഞ്ചി കമ്മീഷന്റെ ശുപാര്‍ശയ്ക്ക് എതിരാകുമെന്നും അദ്ദേഹം പറയുന്നു. ഈ സാഹചര്യത്തില്‍ സുപ്രീം കോടതി ഇടപെട്ട് സര്‍ക്കാര്‍ രൂപികരണം തടയണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com