ഭര്‍ത്താവിനെ കൊന്ന് അടുക്കളയില്‍ കുഴിച്ചുമൂടി ; മുകളില്‍ സ്ലാബിട്ട് ഒരു മാസത്തോളം ഭക്ഷണം പാകം ചെയ്ത് ഭാര്യ ; സഹോദരന്റെ സംശയത്തോടെ കേസില്‍ ട്വിസ്റ്റ്

മഹേഷിന് ജേഷ്ഠന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രമീള പൊലീസിനോട് പറഞ്ഞത്
ഭര്‍ത്താവിനെ കൊന്ന് അടുക്കളയില്‍ കുഴിച്ചുമൂടി ; മുകളില്‍ സ്ലാബിട്ട് ഒരു മാസത്തോളം ഭക്ഷണം പാകം ചെയ്ത് ഭാര്യ ; സഹോദരന്റെ സംശയത്തോടെ കേസില്‍ ട്വിസ്റ്റ്

ഭോപ്പാല്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചുമൂടിയശേഷം അതിന് മുകളില്‍ ഭക്ഷണം പാകം ചെയ്ത് ഭാര്യ. 35 കാരനായ മഹേഷ് ബനവാലിനെയാണ് 32 കാരിയായ ഭാര്യ പ്രമീള കൊലപ്പെടുത്തിയത്. സംഭവം പുറംലോകം അറിയാതിരിക്കാനായിരുന്നു അടുക്കളയിലെ സ്ലാബിന് താഴെ കുഴിച്ചുമൂടിയശേഷം മുകളില്‍ ഭക്ഷണം പാകം ചെയ്ത് കഴിച്ചിരുന്നത്. മഹേഷിന് ജേഷ്ഠന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രമീള പൊലീസിനോട് പറഞ്ഞത്.

ഒക്ടോബര്‍ 22നാണ് മധ്യപ്രദേശിലെ കരോണ്ടി ഗ്രാമവാസിയായ മഹേഷ് ബനവാലിനെ കാണാതായത്. മഹേഷിന്റെ ഭാര്യ പ്രമീള, ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍  നവംബര്‍ 21 ന് മഹേഷിന്റെ ജേഷ്ഠസഹോദരന്‍ അര്‍ജ്ജുന്‍ ബന്‍വാല്‍ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടാകുന്നത്.

മഹേഷിനെ കാണാതായതോടെ താന്‍ അടക്കമുള്ള ബന്ധുക്കള്‍ മഹേഷിന്റെ വീട്ടിലെത്തിയെങ്കിലും, വീട്ടില്‍ പ്രവേശിക്കാന്‍ പ്രമീള സമ്മതിച്ചിരുന്നില്ലെന്നും ചീത്ത പറഞ്ഞ് തങ്ങളെ ഒഴിവാക്കിയെന്നും അര്‍ജ്ജുന്‍ പറഞ്ഞു. മഹേഷിനെ കാണാതായതിന് പി്ന്നില്‍ തങ്ങളാണെന്ന് പറഞ്ഞായിരുന്നു വഴക്കിട്ടിരുന്നത്. അര്‍ജുന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് കേസില്‍ നിര്‍മായക വഴിത്തിരിവുണ്ടാകുന്നത്.

മഹേഷിന്റെ വീട്ടിലെത്തിയപ്പോള്‍ വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പൊലീസ് മനസ്സിലാക്കി. തുടര്‍ന്ന് വീടു മുഴവന്‍ പൊലീസ് അരിച്ചുപെറുക്കി. അവസാനം അടുക്കളയിലെ സ്ലാബ് ഉയര്‍ത്തിനോക്കിയപ്പോഴാണ് ദുര്‍ഗന്ധത്തിന്റെ ഉറവിടം കണ്ടെത്തിയത്. സ്ലാബ് നീക്കി കുഴിയെടുത്ത പൊലീസിന് കണ്ടെത്താനാത് അഴുകിയ മൃതദേഹമാണ്. ഇവിടെയാണ് ഒരുമാസമായി പ്രമീള ഭക്ഷണം പാകം ചെയ്തിരുന്നത്.  മൃതദേഹം കണ്ടെടുത്തതോടെ, സത്യം തുറന്ന് പറഞ്ഞ പ്രമീള, മഹേഷിമന്റെ സഹോദരന്‍ ഗംഗാറാം ബന്‍വാലിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് മൊഴി നല്‍കി.

മഹേഷിന് ഗംഗാറാമിന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നുവെന്നും അതിനാല്‍ താനും ഗംഗാറാമും ചേര്‍ന്ന് മഹേഷിനെ കൊല്ലാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്നുമാണ് പ്രമീള മൊഴി നല്‍കിയത്. എന്നാല്‍ ആരോപണം ഗംഗാറാം നിഷേധിച്ചു. എങ്ങനെയാണ് പ്രമീള ഒറ്റയ്ക്ക് കൃത്യം നിര്‍വ്വഹിക്കുകയും മൃതദേഹം കുഴിച്ചിടുകയും ചെയ്തതെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രമീള ഒറ്റയ്ക്കായിരിക്കില്ല കൃത്യം നടത്തിയത്.  ഉറപ്പായും അവര്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com