സവര്‍ണര്‍ തിരിഞ്ഞുനോക്കിയില്ല, രാമനെ സഹായിച്ചത് ദലിതര്‍ ; അയോധ്യയില്‍ അവരുടെ വിഗ്രഹം സ്ഥാപിക്കണം : പുതിയ ആവശ്യവുമായി ഗോവ ഗവര്‍ണര്‍

സീതയെ ലങ്കയില്‍ നിന്ന് അയോധ്യയിലെത്തിക്കാന്‍ ശ്രീരാമനെ സഹായിച്ചതും താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ മാത്രമാണ്
സവര്‍ണര്‍ തിരിഞ്ഞുനോക്കിയില്ല, രാമനെ സഹായിച്ചത് ദലിതര്‍ ; അയോധ്യയില്‍ അവരുടെ വിഗ്രഹം സ്ഥാപിക്കണം : പുതിയ ആവശ്യവുമായി ഗോവ ഗവര്‍ണര്‍

പനാജി : അയോധ്യയിലെ വിവാദഭൂമി സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രിംകോടതി തീര്‍പ്പു കല്‍പ്പിച്ചതിന് പിന്നാലെ ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവമായി. ഇതിനിടെ വ്യത്യസ്തമായ ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഗോവ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. അയോധ്യയിലെ നിര്‍ദ്ദിഷ്ട രാമക്ഷേത്രത്തില്‍ ശ്രീരാമനെ സഹായിച്ച ദലിതരായ കേവതിന്റെയും ശബരിയുടെയും വിഗ്രഹങ്ങള്‍ സ്ഥാപിക്കണമെന്നാണ് മാലിക് ആവശ്യപ്പെടുന്നത്.

ഗോവ ഗവര്‍ണറായി ചുമതലയേറ്റെടുത്തശേഷം നടത്തിയ ആദ്യ പൊതു പരിപാടിയിലാണ് സത്യപാല്‍ മാലികിന്റെ പ്രസ്താവന. തെക്കന്‍ ഗോവയിലെ  പോണ്ട നഗരത്തില്‍ സംഘടിപ്പിച്ച ആദിവാസി സ്റ്റുഡന്റ് കോണ്‍ഫറന്‍സിലായിരുന്നു ഗവര്‍ണറുടെ പ്രസംഗം. വനവാസക്കാലത്ത് താഴ്ന്ന ജാതിയില്‍പ്പെട്ട, ദലിത് വിഭാഗക്കാരാണ് ശ്രീരാമനെ സഹായിക്കാനുണ്ടായിരുന്നതെന്ന് സത്യപാല്‍ മാലിക് അഭിപ്രായപ്പെട്ടു.

കാട്ടിലടക്കം സീതയെ തിരയാന്‍ രാമനെ സഹായിച്ചത് ദലിതരാണ്. സീതയെ ലങ്കയില്‍ നിന്ന് അയോധ്യയിലെത്തിക്കാന്‍ ശ്രീരാമനെ സഹായിച്ചതും താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ മാത്രമാണ്. ഒരൊറ്റ മേല്‍ ജാതിക്കാരും രാമനെ സഹായിച്ചില്ലെന്നും സത്യപാല്‍ മാലിക് പറഞ്ഞു. സുപ്രിംകോടതി വിധിയോടെ രാജ്യം മുഴുവന്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന്റെ ചര്‍ച്ചയാണ്. അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചുള്ള മഹന്തുകളുടെയും സന്ന്യാസിമാരുടെയും അഭിപ്രായം ദിവസവും കേള്‍ക്കുന്നു. എന്നാല്‍ രാമനെ സഹായിച്ച കേവാത്ത്, ശബരി എന്നിവരുടെ പ്രതിമയെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല.

സീതയെ രാവണന്‍ തട്ടിക്കൊണ്ട് പോകുമ്പോള്‍ രാമന്റെ സഹോദരനാണ് അയോധ്യ ഭരിക്കുന്നത്. ഒരു ഭടന്‍ പോയിട്ട്, ഒരാള്‍ പോലും രാമന്റെ സഹായത്തിനെത്തിയില്ല. ജാതിയില്‍ താഴ്ന്നവരായ ആദിവാസികളാണ് രാമനെ സഹായിച്ചത്. ഏതെങ്കിലും സവര്‍ണന്‍ രാമനെ സഹായിക്കാനെത്തിയതായി ആര്‍ക്കെങ്കിലും പറയാനാകുമോയെന്നും മാലിക് ചോദിച്ചു.

രാമനെ സഹായിച്ച ആദിവാസി വിഭാഗത്തില്‍പ്പെട്ട കേവാത്തിന്റെയും ശബരിയുടെയും പ്രതിമ രാമക്ഷേത്രത്തില്‍ സ്ഥാപിക്കണമെന്ന് താന്‍ ആവശ്യപ്പെടുമെന്നും സത്യപാല്‍ മാലിക് വ്യക്തമാക്കി. ഗംഗാനദി മുറിച്ചുകടക്കാന്‍ രാമനെയും ലക്ഷ്മണനെയും സഹായിച്ച തോണിക്കാരനാണ് കേവാത്ത്. ശബരി രാമന്റെ അടുത്ത സഹായിയുമായിരുന്നു. രാമനെ മര്യാദപുരുഷോത്തമനാക്കിയതും ആദിവാസികളാണെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്കിനെ, സംസ്ഥാനം കേന്ദ്രഭരണപ്രദേശങ്ങളാക്കിയതിന് പിന്നാലെയാണ് ഗോവ ഗവര്‍ണറായി മാറ്റി നിയമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com