എല്ലാ ബാറുകളുടേയും ലൈസന്‍സ് റദ്ദാക്കി; പുതിയ ബാര്‍ പോളിസിയുമായി ജഗന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd November 2019 10:33 PM |
Last Updated: 23rd November 2019 10:33 PM | A+A A- |

അമരാവതി: നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ബാറുകളുടെയും ലൈസന്‍സ് റദ്ദാക്കി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ബാര്‍ പോളിസിയുടെ ഭാഗമായാണ് നടപടി. സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായാണ് നടപടി. നിലവില്‍ 3500 മദ്യശാലകളാണ് സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍പ് ഇത് 4200 ആയിരുന്നു.
ഡിസംബര്‍ 31ന് ശേഷം ബാറുകളോട് പ്രവര്‍ത്തനം നിര്‍ത്താനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സമ്പൂര്‍ണ മദ്യനിരോധനം. വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്. ഘട്ടംഘട്ടമായിട്ടാണ് ബാറുകള്‍ ഇല്ലാതാക്കുക.
അടുത്ത വര്‍ഷം ജനുവരിയില്‍ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുമെങ്കിലും അതിനുള്ള നടപടികള്‍ കഠിനമാക്കും. പുതിയ ബാറുകള്‍ക്കുള്ള ലൈസന്‍സ് ഫീസ് പത്ത് ലക്ഷം രൂപയാക്കും. ത്രീ സ്റ്റാര്‍, മൈക്രോ ബിവറേജസിന് 1.5 കോടി നല്‍കണം. 2022വരെ പ്രവര്‍ത്തിക്കാനാണ് ലൈസന്‍സ് നല്‍കുന്നത്. ബാറുകളുടെ എണ്ണം 40 ശതമാനമായി കുറക്കുമെന്നാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ വര്‍ഷം നേരത്തെ സ്വകാര്യ വ്യക്തികള്‍ക്ക് വൈന്‍ ഷോപ് നടത്താനുള്ള അനുമതി റദ്ദാക്കിയിരുന്നു.ജനുവരി ഒന്നുമുതല്‍ രാവിലെ 11 മുതല്‍ രാത്രി എട്ടുവരെയാകും ബാറുകളുടെ പ്രവര്‍ത്തന സമയം. അതേസമയം, സര്‍ക്കാറിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബാറുടമകള്‍. 2020 ജൂണ്‍വരെ ലൈസന്‍സ് അനുമതിയുണ്ടെന്നും ഇപ്പോള്‍ ലൈസന്‍സ് റദ്ദാക്കാനാകില്ലെന്നുമാണ് ബാറുടമകളുടെ വാദം.