ശിവസേന സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത് ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും എന്ന പ്രചാരണം കൊണ്ട്; ഭൂരിപക്ഷം തെളിയിക്കുമെന്ന് രവിശങ്കര്‍ പ്രസാദ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd November 2019 03:40 PM |
Last Updated: 23rd November 2019 03:40 PM | A+A A- |

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസ് ഭൂരിപക്ഷം തെളിയിക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഗവര്‍ണറുയെ ഉദ്ദേശ ശുദ്ധിയെ ഇപ്പോള്‍ ചിലര്‍ ചോദ്യം ചെയ്യുന്നു. സര്‍ക്കാരുണ്ടാക്കാനായി ബിജെപിയെയും ശിവസേനയെയും എന്‍സിപിയെയും ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. പക്ഷേ സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഇന്ന് രാവിലെ അദ്ദേഹം ബിജെപിയെയും അജിത് പവാറിനെയും ക്ഷണിച്ചു. അവര്‍ സര്‍ക്കാരുണ്ടാക്കുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ജനഹിതം ബിജെപിക്കൊപ്പം ആയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒന്നടങ്കം ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയത്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാമെന്ന പ്രചാരണം കാരണമാണ് പലയിടത്തും ശിവസേന സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ മത്സരിച്ച 150 സീറ്റുകളില്‍ 70ശതമാനവും ബിജെപിക്ക് വിജയിക്കാനായി. തങ്ങള്‍ പ്രതിപക്ഷത്തിരിക്കണമെന്നാണ് ജനഹിതം എന്നാണ് എന്‍സിപിയും കോണ്‍ഗ്രസും ആദ്യം പ്രതികരിച്ചത്. മുപ്പത് വര്‍ഷത്തെ സഖ്യം ഉേേപക്ഷിച്ച് ശിവസേന പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നപ്പോള്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടില്ലേ?- അദ്ദേഹം ചോദിച്ചു.