170 എംഎൽഎമാര്‍ ഒപ്പമുണ്ടെന്ന് ശരദ് പവാർ ; ശിവസേന എംഎൽഎമാരെ റാഞ്ചാൻ ശ്രമിച്ചാൽ മഹാരാഷ്ട്ര ഉറങ്ങില്ലെന്ന് താക്കറെയുടെ മുന്നറിയിപ്പ്

കൂറുമാറ്റ നിരോധന നിയമം ബാധകമാകുമെന്ന കാര്യം അജിതിനൊപ്പം പോയ എംഎൽഎമാർ ഓര്‍ക്കണമെന്ന് ശരദ് പവാര്‍
170 എംഎൽഎമാര്‍ ഒപ്പമുണ്ടെന്ന് ശരദ് പവാർ ; ശിവസേന എംഎൽഎമാരെ റാഞ്ചാൻ ശ്രമിച്ചാൽ മഹാരാഷ്ട്ര ഉറങ്ങില്ലെന്ന് താക്കറെയുടെ മുന്നറിയിപ്പ്

മുംബൈ: മഹാരാഷ്ട്രയിൽ സഖ്യസർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്കൊപ്പമുണ്ടെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. 170 എംഎൽഎമാരുടെ പിന്തുണ ഉണ്ട്. ഇക്കാര്യം ​ഗവർണറെ കണ്ട് ബോധ്യപ്പെടുത്തുമെന്ന് ശരദ് പവാർ, ശിവസേന തലവൻ ഉദ്ധവ് താക്കറെക്കൊപ്പം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അജിത് പവാറിന് ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണയില്ല. ബിജെപിക്കൊപ്പം പോകാനുള്ള അജിത് പവാറിന്‍റെ തീരുമാനം പാര്‍ട്ടി വിരുദ്ധമാണെന്നും സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ ശരദ് പവാര്‍ പറഞ്ഞു,

പതിനൊന്ന് എംഎൽഎമാരാണ് അജിത് പവാറിനൊപ്പം ഉള്ളത്. ഇതിൽ പലരും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ശരദ് പവാര്‍ അവകാശപ്പെട്ടു. ആശയക്കുഴപ്പം കാരണമാണ് ഇവരെല്ലാം അജിത് പവാറിനൊപ്പം പോയത്. ഇവര്‍ മടങ്ങിയെത്തുമെന്നും ശരദ് പവാര്‍ പറഞ്ഞു. രാവിലെ മാത്രമാണ് അജിത് പവാറിനൊപ്പം ഒരുപറ്റം എംഎൽഎമാർ ബിജെപി ക്യാമ്പിലേക്ക് പോകുന്ന കാര്യം അറിഞ്ഞത്. കൂറുമാറ്റ നിരോധന നിയമം ബാധകമാകുമെന്ന കാര്യം അജിതിനൊപ്പം പോയ എംഎൽഎമാർ ഓര്‍ക്കണമെന്നും ശരദ് പവാര്‍ ചൂണ്ടിക്കാട്ടി.

അജിത് പക്ഷത്തിനൊപ്പം പോയ മൂന്ന് എംഎൽഎമാരെയും ശരദ് പവാർ വാർത്താസമ്മേളനത്തിൽ ഹാജരാക്കിയിരുന്നു. മൂന്ന് എംഎൽഎമാരാണ് ചതിക്കപ്പെട്ടെന്ന വിശദീകരണവുമായി വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തത്. എം എൽ എ മാർ നേരത്തെ തന്നെ ഒപ്പിട്ട ലിസ്റ്റ് അജിത് പവാർ ദുരുപയോഗം ചെയ്തതാവാമെന്നാണ് ശരദ് പവാറിന്‍റെ വിശദീകരണം. ശിവസേന എംഎൽഎമാരെ റാഞ്ചാൻ ശ്രമിച്ചാൽ മഹാരാഷ്ട്ര സ്വസ്ഥമായി ഉറങ്ങില്ലെന്ന് ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി. അതേസമയം കോൺ​ഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com