''അവര്‍ അവരുടെ കളി കളിക്കട്ടെ, എത്രത്തോളം പോവും എന്നു നോക്കാം''; അമിത് ഷാ പറഞ്ഞു, പഴുതില്ലാത്ത രാഷ്ട്രീയ നീക്കങ്ങള്‍

ഇന്നലെ രാത്രി തന്നെ തന്റെ വിശ്വസ്തനായ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവിനെ മുംബൈയിലേക്ക് അയച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: എതിരാളികള്‍ക്ക് ഒരു പഴുതും കൊടുക്കാതെയാണ്, മഹാരാഷ്ട്രയില്‍ അധികാരം പിടിക്കുന്നതിന് ബിജെപി ദേശീയ അധ്യക്ഷന്‍ കരുക്കള്‍ നീക്കിയത്. കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ തന്നെ എന്തെങ്കിലും ചെയ്യണമെന്ന ആവശ്യവുമായി ചില സംസ്ഥാന നേതാക്കള്‍ അമിത് ഷായെ സമീപിച്ചിരുന്നു. ''അവര്‍ അവരുടെ കളി കളിക്കട്ടെ, നമുക്കു നോക്കാം'' എന്നായിരുന്നു ഷായുടെ മറുപടിയെന്ന് മഹാരാഷ്ട്രാ ബിജെപി നേതാക്കള്‍ പറയുന്നു.

ഏറ്റവും വലിയ ഒറ്റക്കക്ഷി അല്ലാതിരുന്നിട്ടും തെരഞ്ഞെടുപ്പിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് ''ട്രബിള്‍ ഷൂട്ട്' ചെയ്യുന്നതാണ് അമിത് ഷായുടെ രീതി. ഗോവയില്‍ അതിന്റെ ചൂട് കോണ്‍ഗ്രസ് അനുഭവിച്ചറിഞ്ഞതാണ്. എന്നാല്‍ വലിയ ഒറ്റക്കക്ഷി മാത്രമല്ല, എതിരാളികളെ അപേക്ഷിച്ച് എണ്ണത്തില്‍ ഏറെ മുന്നിലായിട്ടും സര്‍ക്കാര്‍ രൂപീകരണത്തിന് ഇല്ലെന്ന നിലപാട് അമിത് ഷാ സ്വീകരിച്ചത് ബിജെപി നേതാക്കളെപ്പോലും അമ്പരപ്പിച്ചിരുന്നു. എന്നാല്‍ ബിജെപി 'പതുങ്ങിയത് കുതിക്കാനാ'ണെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന നിലപാടില്‍ ഉറച്ചുനിന്ന ശിവസേനയോട്, അക്കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും നില്‍ക്കേണ്ടതില്ലെന്ന് അമിത് ഷാ ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു. അതേസമയം മറ്റേതൊരു വ്യവസ്ഥയ്ക്കും വഴങ്ങാം എന്നതായിരുന്നു ഷായുടെ നിലപാട്. സേന എന്‍സിപിയുമായി ചേര്‍ന്നു നടത്തുന്ന നീക്കങ്ങള്‍ ഫലം കാണില്ലെന്നു തന്നെയായിരുന്നു അമിത് ഷായുടെ വിലയിരുത്തല്‍. ശിവേസന എന്‍ഡിഎയിലേക്കു തിരികെ വരുമെന്നും ഷാ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ശരദ് പവാര്‍ കളത്തില്‍ ഇറങ്ങുകയും കോണ്‍ഗ്രസ് നേതൃത്വം അതിനു വഴങ്ങുകയും ചെയ്തതോടെ സേനാ-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കപ്പെടും എന്ന നില വന്നു. ഇതോടെ അമിത് ഷാ 'പൂഴിക്കടകന്‍' പുറത്തെടുക്കുകയായിരുന്നു.

സര്‍ക്കാര്‍ രൂപീകരണത്തിന് സേനയും എന്‍സിപിയും തമ്മിലുള്ള ചര്‍ച്ചകള്‍ ഫലം കാണാന്‍ തുടങ്ങിയതോടെ തന്നെ അജിത് പവാറുമായുള്ള സമാന്തര ചര്‍ച്ച അമിത് ഷായുടെ വിശ്വസ്തര്‍ നടത്തിയിരുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ശിവസേനയുമായും കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകളില്‍ നിന്ന് അജിത് പവാര്‍ വിട്ടുനിന്നത് സംശയം ഉയര്‍ത്തിരുന്നു. ചില സേനാ നേതാക്കള്‍ ഇക്കാര്യം പവാറിനോട് ചൂണ്ടിക്കാട്ടുകയു ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  

ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും തമ്മില്‍ ധാരണ ഉരുത്തിരിയുകയും ഇന്നു രാവിലെ നടക്കുന്ന ചര്‍ച്ചകള്‍ക്കു ശേഷം പ്രഖ്യാപനം വരുകയും എന്നു വ്യക്തമായപ്പോള്‍ അമിത് ഷാ നീക്കം ത്വരിത ഗതിയിലാക്കി. ഇന്നലെ രാത്രി തന്നെ തന്റെ വിശ്വസ്തനായ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവിനെ മുംബൈയിലേക്ക് അയച്ചു. യാദവ് മുംബൈയിലെത്തി നടത്തി ചര്‍ച്ചകള്‍ക്കൊടുവില്‍ അര്‍ധരാത്രിയോടെ തന്നെ കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയത്തില്‍നിന്നു വിവരം ലഭിച്ചത് അനുസരിച്ച് രാഷ്ട്രപതിയുടെ ഉത്തരവു വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com