ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും ; സഖ്യ സർക്കാർ പ്രഖ്യാപനം ഇന്ന്

ശിവസേനയുമായിച്ചേർന്ന് സർക്കാരുണ്ടാക്കാനുള്ള എൻസിപി-കോൺഗ്രസ് തീരുമാനത്തിന് ചെറുസഖ്യകക്ഷികളും പിന്തുണ അറിയിച്ചിട്ടുണ്ട്
ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും ; സഖ്യ സർക്കാർ പ്രഖ്യാപനം ഇന്ന്

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ സംബന്ധിച്ച  സംയുക്ത ഔദ്യോ​ഗിക  പ്രഖ്യാപനം ഇന്ന് ഉണ്ടാവും. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് ഇന്നലെ നടന്ന ശിവസേന-എൻസിപി- കോൺ​ഗ്രസ് നേതൃയോഗത്തില്‍ ധാരണയായി. യോഗത്തിൽ ഉദ്ധവ് താക്കറെയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് എൻസിപി.അധ്യക്ഷൻ ശരദ് പവാർ നിർദേശിച്ചു. ശിവസേനയുടെ സഞ്ജയ് റാവുത്ത് പിന്തുണച്ചു. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കണോയെന്ന് ആലോചിക്കാൻ സമയംവേണമെന്ന ഉദ്ധവിന്റെ അഭ്യർഥനമാനിച്ചാണ് പ്രഖ്യാപനം ശനിയാഴ്ചത്തേക്ക് മാറ്റിയത്.

ധാരണയനുസരിച്ച്, അഞ്ചുവർഷം മുഴുവൻ മുഖ്യമന്ത്രിസ്ഥാനം ശിവസേനയ്ക്കുതന്നെയാവും. ആഭ്യന്തരവകുപ്പ് എൻ.സി.പി.ക്കും ധനം കോൺഗ്രസിനും ലഭിക്കും. നഗരവികസനം, റവന്യൂ വകുപ്പുകൾ ശിവസേന കൈകാര്യംചെയ്യും. ആരൊക്കെ മന്ത്രിമാരാവണമെന്നും അവരുടെ വകുപ്പുകളും സംബന്ധിച്ച് ധാരണയായിട്ടുണ്ട്. ശിവസേനയുമായിച്ചേർന്ന് സർക്കാരുണ്ടാക്കാനുള്ള എൻസിപി-കോൺഗ്രസ് തീരുമാനത്തിന് ചെറുസഖ്യകക്ഷികളും പിന്തുണ അറിയിച്ചിട്ടുണ്ട്.

മഹാവികാസ് അഖാ‍ഡി എന്ന പേരിലാകും സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറുക. രാവിലെമുതല്‍ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കും. അവകാശവാദം ഉന്നയിക്കാന്‍‌ ഗവര്‍ണറെ കാണാനുള്ള സമയവും തീരുമാനിക്കും. വൈകിട്ടോടെയാകും ഔദ്യോഗിക സഖ്യ പ്രഖ്യാപനം. എന്‍സിപിയുടെയും കോണ്‍ഗ്രസിന്‍റെയും ഉപമുഖ്യമന്ത്രിമാരെയും ഇന്നറിയാം.കോൺഗ്രസിന്‍റെ നിയമസഭാകക്ഷി നേതാവായി മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെ തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന.

ഇന്നലെ വൈകീട്ട് വർളിയിലെ നെഹ്രു സെന്ററിൽ നടന്ന സംയുക്തയോഗത്തിൽ ശിവസേനയെ പ്രതിനിധാനംചെയ്ത്‌ ഉദ്ധവ് താക്കറെ, സഞ്ജയ് റാവുത്ത്, ഏക്‌നാഥ് ഷിൻഡെ, ആദിത്യ താക്കറെ എന്നിവർ പങ്കെടുത്തു. കോൺഗ്രസിനെ പ്രതിനിധാനംചെയ്ത്‌ മല്ലികാർജുൻ ഖാർഗെ, അഹമ്മദ് പട്ടേൽ, കെ.സി. വേണുഗോപാൽ, പൃഥ്വിരാജ് ചവാൻ, അശോക് ചവാൻ, ബാലാസാഹെബ് തോറാട്ട് എന്നിവരും എൻ.സി.പി.യെ പ്രതിനിധാനംചെയ്ത്‌ ശരദ് പവാർ, അജിത് പവാർ, ജയന്ത് പാട്ടീൽ, ഛഗൻ ഭുജ്ബൽ, പ്രഫുൽ പട്ടേൽ തുടങ്ങിയവരും പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com