'ഒരിക്കലും ഒരിക്കലും ഒരിക്കലും എന്‍സിപിയുമായി സഖ്യമുണ്ടാക്കില്ല' ;സോഷ്യല്‍ മീഡിയയില്‍ പറപറന്ന് ഫഡ്‌നാവിസിന്റെ പഴയ ട്വീറ്റ്  

'ഒരിക്കലും ഒരിക്കലും ഒരിക്കലും എന്‍സിപിയുമായി സഖ്യമുണ്ടാക്കില്ല' ;സോഷ്യല്‍ മീഡിയയില്‍ പറപറന്ന് ഫഡ്‌നാവിസിന്റെ പഴയ ട്വീറ്റ്  
'ഒരിക്കലും ഒരിക്കലും ഒരിക്കലും എന്‍സിപിയുമായി സഖ്യമുണ്ടാക്കില്ല' ;സോഷ്യല്‍ മീഡിയയില്‍ പറപറന്ന് ഫഡ്‌നാവിസിന്റെ പഴയ ട്വീറ്റ്  

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപി എംഎല്‍എമാരുടെ പിന്തുണയോടെ ബിജെപി അധികാരത്തിലേറിയപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നത്, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പഴയൊരു ട്വീറ്റ്. എന്‍സിപിയുമായി ബിജെപി ഒരിക്കലും, ഒരിക്കലും, ഒരിക്കലും ഒരു സഖ്യവും ഉണ്ടാക്കില്ലെന്നാണ്, 2014 സെപ്റ്റംബര്‍ 26ന് ചെയ്ത ട്വീറ്റില്‍ ഫഡ്‌നാവിസ് പറയുന്നത്.

ബിജെപി എന്‍സിപിയുമായി  സഖ്യമുണ്ടാക്കും എന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നാണ് ട്വീറ്റില്‍ ഫഡ്‌നാവിസിന്റെ വിശദീകരണം. നിയമസഭയില്‍ അവരുടെ അഴിമതി ഞങ്ങള്‍ തുറന്നുകാട്ടുമ്പോള്‍ മറ്റുള്ളവര്‍ നിശബ്ദരായിരുന്നെന്നും ട്വീറ്റില്‍ പറയുന്നു.

2014ലെ രാഷ്ട്രീയ സാഹചര്യം വിശദീകരിച്ചുകൊണ്ടായിരുന്നു ട്വീറ്റ് എങ്കിലും ഇപ്പോഴും സമാനമായ പശ്ചാത്തലം തന്നെയാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്‍സിപിയുടെ അഴിമതിയാണ് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിനെതിരെ ബിജെപി മുഖ്യമായും പ്രചരാണ ആയുധമാക്കിയത്. ജലസേചന വകുപ്പ് അഴിമതിയില്‍ 35,000 കോടിയുടെ ആരോപണമാണ് ബിജെപി എന്‍സിപിക്കെതിരെ ഉന്നയിച്ചത്. ആരോപണത്തിന്റെ കേന്ദ്ര ബിന്ദുവാകട്ടെ, ഇപ്പോള്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറും ആയിരുന്നു. 

ഫഡ്‌നാവിസിന്റെ പഴയ ട്വീറ്റിനൊപ്പം തെരഞ്ഞെടുപ്പു പ്രചാണകാലത്ത് അജിത് പവാറിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് ബിജെപി നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളുടെ ക്ലിപ്പങ്ങുകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയി ഓടുകയാണ്. 

ഇന്നു രാവിലെയാണ്, അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തിലൂടെ ഫഡ്‌നാവിസ് വീണ്ടും മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് സഖ്യം ഇന്നു സര്‍ക്കാര്‍ രൂപീകരണ പ്രഖ്യാപനം നടത്താനിരിക്കെ, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം എന്‍സിപി എംഎല്‍എമാരുടെ പിന്തുണയോടെയാണ് ഫഡ്‌നാവിസ് രണ്ടാംവട്ടവും ഭരണത്തില്‍ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com