മഹാ'രാഷ്ട്രീയ'ത്തിൽ വിധി എന്ത് ?; എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേക്ക് ; ഹർജി പരിഗണിക്കുന്നു ; ഹാജരാകുന്നത് പ്രമുഖ അഭിഭാഷകർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th November 2019 11:39 AM |
Last Updated: 24th November 2019 11:39 AM | A+A A- |

ന്യൂഡൽഹി: മഹാരാഷ്ട്ര രാഷ്ട്രീയ നാടകത്തിൽ ത്രികക്ഷി സഖ്യത്തിന്റെ ഹർജിയിൽ സുപ്രിംകോടതി ഇന്ന് തീരുമാനം പുറപ്പെടുവിച്ചേക്കും.
ദേവേന്ദ്രഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് രണ്ടംഗങ്ങള്‍. ഫഡ്‌നാവിസിനോട് 24മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് തേടാന്‍ നിര്‍ദേശിക്കണമെന്ന് ഹർജിയിൽ കോണ്‍ഗ്രസ്സും എന്‍സിപിയും ശിവസേനയും ആവശ്യപ്പെടുന്നു. രണ്ട് പ്രധാന ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉള്ളത്. ഒന്ന് ഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ ഭഗത് സിങ് കോഷിയാരിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം. ഭൂരിപക്ഷം തെളിയിക്കാന്‍ ഫഡ്‌നാവിസിന് നവംബര്‍ 30വരെ നല്‍കിയ സമയപരിധി കുറയ്ക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം.
കൂറുമാറ്റത്തിനും കുതിരക്കച്ചവടത്തിനുമുള്ള സമയം ഇതിലൂടെ ലഭിക്കുമെന്നും ത്രികക്ഷി സഖ്യം ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു. അതിനാല്‍ 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഹര്‍ജിയിലെ മുഖ്യ ആവശ്യം. ഹര്‍ജി പരിഗണിക്കുമ്പോള്‍ ബിജെപിക്കും പ്രതിപക്ഷ കക്ഷികള്‍ക്കും വേണ്ടി രാജ്യത്തെ പ്രമുഖരായ അഭിഭാഷകരാണ് കോടതിയിൽ ഹാജരാകുന്നത്. പ്രതിപക്ഷ സംഖ്യത്തിന് വേണ്ടി കപില്‍ സിബലും അഭിഷേക് മനു സിങ്‌വിയും ഹാജരാകും. എതിര്‍ കക്ഷിയായ കേന്ദ്രസര്‍ക്കാറിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് ഹാജരാകുന്നത്. മഹാരാഷ്ട്ര ഗര്‍ണറുടെ ഓഫീസിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയില്‍ ഹാജരാകുക. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനുവേണ്ടി മുകുള്‍ റോത്തകി ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.