കുട്ടികള്‍ രണ്ടുമതി; അല്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കരുത്; ദാരിദ്ര്യത്തിന് കാരണമാകുമെന്ന് ബിജെപി എംപി

, ഒറ്റ പ്രസവത്തില്‍ ഇരട്ടക്കുട്ടികളോ മൂന്ന് കുട്ടികളോ ഉണ്ടായാല്‍ അവര്‍ക്ക് ഇളവ് അനുവദിക്കാം
കുട്ടികള്‍ രണ്ടുമതി; അല്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കരുത്; ദാരിദ്ര്യത്തിന് കാരണമാകുമെന്ന് ബിജെപി എംപി

ന്യൂഡല്‍ഹി: രണ്ടിലധികം കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കരുതെന്നും 50,000 രൂപ പിഴ ഈടാക്കണമെന്നും ആവശ്യപ്പെട്ട് ലോക്‌സഭയില്‍ ബിജെപി എംപിയുടെ ബില്‍. ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ - ഉധംസിങ് നഗര്‍ എംപി അജയ്ഭട്ടാണ് ബില്‍ അവതരിപ്പിച്ചത്. രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം ആവശ്യമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വന്ന് മാസങ്ങള്‍ക്കുള്ളിലാണ് ലോക്‌സഭയില്‍ ബിജെപി എംപി ബില്‍ അവതരിപ്പിക്കുന്നത്.

രാജ്യത്ത് ഏറ്റവും ചര്‍ച്ചയായ യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കുന്നതിന് ഭരണഘടനാ ഭേദഗതി നടപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടു. ജനസംഖ്യാ നിയന്ത്രണ ബില്‍, 2019 എന്ന പേരില്‍ അവതരിപ്പിച്ച ബില്ലില്‍ കടുത്ത നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. രണ്ട് കുട്ടികളില്‍ കൂടുതലുള്ള ദമ്പതികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭ്യമാക്കേണ്ട എന്നാണ് ബില്‍ മുന്നോട്ട് വെക്കുന്ന ഒരു പ്രധാന നിര്‍ദേശം.

രണ്ട് കുട്ടികളില്‍ കൂടുതല്‍ ആയാല്‍ ദമ്പതികളെ സര്‍ക്കാര്‍ ജോലിക്ക് വേണ്ടി അപേക്ഷിക്കാന്‍ അനുവദിക്കരുത്. കൂടാതെ, 50,000 രൂപയെങ്കിലും ഇവരില്‍ നിന്ന് പിഴ ഈടാക്കണമെന്നും സ്വകാര്യ ബില്ലില്‍ നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍, കുട്ടികളുടെ എണ്ണം രണ്ടില്‍ കുറവാണെങ്കില്‍ സര്‍ക്കാര്‍ ജോലിയില്‍ ഉള്‍പ്പടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്. ചൈനക്ക് ശേഷം ലോകത്ത് ജനസംഖ്യ കൂടുതലുള്ള രാജ്യം ഇന്ത്യയാണ്. ജനസംഖ്യാ വര്‍ധനവ് തടഞ്ഞില്ലെങ്കില്‍ രാജ്യത്ത് ദാരിദ്ര്യം വര്‍ധിക്കുമെന്നും അജയ് ഭട്ട് അവതരിപ്പിച്ച ബില്ലില്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന സര്‍ക്കാരുകള്‍ ദമ്പതികള്‍ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ താള്‍ കമ്മിറ്റി രൂപീകരിക്കണം. അതേ സമയം, ഒറ്റ പ്രസവത്തില്‍ ഇരട്ടക്കുട്ടികളോ മൂന്ന് കുട്ടികളോ ഉണ്ടായാല്‍ അവര്‍ക്ക് ഇളവ് അനുവദിക്കാം എന്നും ബില്ലില്‍ പറയുന്നു. ഇളവ് ലഭിക്കണമെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ അക്കാര്യം ജില്ലാ അതോറിറ്റിയുടെ പ്രത്യേക അനുമതി ദമ്പതികള്‍ നേടണമെന്നും ബില്‍ നിര്‍ദേശിക്കുന്നു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷ പ്രസംഗത്തിനിടെയാണ് ചെറിയ കുടുംബങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. ചെറിയ കുടുംബങ്ങള്‍ പ്രചോദനമാകണമെന്നും ജനസംഖ്യാ വര്‍ധനവ് തടയണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com