ബിജെപിയുമായി ചേരുന്ന പ്രശ്‌നമില്ല; അജിത് പവാര്‍ തെറ്റിദ്ധരിപ്പിക്കുന്നെന്ന് ശരദ് പവാര്‍; എംഎല്‍എമാരുടെ താവളം വീണ്ടും മാറ്റി

ബിജെപിയുമായി ചേരുന്ന പ്രശ്‌നമില്ല; അജിത് പവാര്‍ തെറ്റിദ്ധരിപ്പിക്കുന്നെന്ന് ശരദ് പവാര്‍; എംഎല്‍എമാരുടെ താവളം വീണ്ടും മാറ്റി

മംബൈ: മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന പ്രശ്‌നമില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ശിവസേന-കോണ്‍ഗ്രസ് സഖ്യവുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍സിപി ഒറ്റക്കെട്ടായാണ് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി-എന്‍സിപി സഖ്യം അഞ്ചുവര്‍ഷം മഹാരാഷ്ട്ര ഭരിക്കുമെന്നും താനിപ്പോഴും എന്‍സിപിയിലാണെന്നുമുള്ള അജിത് പവാറിന്റെ പ്രസ്താവന വന്നതിന് പിന്നാലെയാണ് ശരദ് പവാറിന്റെ പ്രതികരണം വന്നിരിക്കുന്നത്.

താനിപ്പോഴും എന്‍സിപിയിലാണ്, ശരദ് പവാര്‍ തന്നെയാണ് നേതാവ്. അടുത്ത അഞ്ചു വര്‍ഷക്കാലത്തേക്ക് എന്‍സിപി-ബിജെപി സഖ്യം സ്ഥിരതയാര്‍ന്ന സര്‍ക്കാരിനെ നല്‍കും എന്നായിരുന്നു അജിത് പവാറിന്റെ പ്രസ്താവന. സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിന് വേണ്ടി സഖ്യം പ്രവര്‍ത്തിക്കുമെന്നും അജിത് പവാര്‍ കൂട്ടിച്ചേര്‍ത്തു. 'ഭയപ്പെടേണ്ട സാഹചര്യമില്ല, എല്ലാം ഭദ്രമാണ്. കുറച്ച് സംയമനം ആവശ്യമാണ്. എല്ലാ പിന്തുണകള്‍ക്കും നന്ദി'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അമ്പത് എംഎല്‍എമാര്‍ തങ്ങളോടൊപ്പമുണ്ടെന്നും പക്ഷേ എല്ലാവരും ഹോട്ടലില്ലെന്നും എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞു. നാല് എംഎല്‍എമാരെ ബിജെപി എവിടെയോ പാര്‍പ്പിച്ചിരിക്കുയാണെന്നും അവരുമായി ബന്ധപ്പെടുന്നുണ്ട്, തിരുച്ചുവരുന്നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ശരദ് പവാറിനൊപ്പമാണെന്ന് അജിത് പവാറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത എംഎല്‍എ ദിലീപ് ബങ്കര്‍ പറഞ്ഞു. അതേസമയം, എന്‍സിപി എംഎല്‍എമാരെ വീണ്ടും മറ്റൊരു ഹോട്ടലിലേക്ക് മാറ്റി. ഹോട്ടല്‍ റിനൈസന്‍സില്‍ നിന്ന് ഹോട്ടല്‍ ഹായത്തിലേക്കാണ് മാറ്റിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com