മഹാരാഷ്ട്രയില്‍ അടിയന്തര വിശ്വാസ വോട്ടെടുപ്പില്ല ; കത്തുകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവ് ; കേസ് നാളത്തേക്ക് മാറ്റി

കേസ് നാളെ രാവിലെ 10.30 ന് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി എല്ലാ കക്ഷികള്‍ക്കും കോടതി നോട്ടീസ് അയച്ചു
മഹാരാഷ്ട്രയില്‍ അടിയന്തര വിശ്വാസ വോട്ടെടുപ്പില്ല ; കത്തുകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവ് ; കേസ് നാളത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രിംകോടതി നാളത്തേക്ക് മാറ്റി. സർക്കാർ രൂപീകരണത്തിന് ആധാരമായ രണ്ട് കത്തുകള്‍ നാളെ ഹാജരാക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. കേന്ദ്രസര്‍ക്കാരിനും ഗവര്‍ണര്‍ക്കുമാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രി ഫഡ്‌നാവിസ് നല്‍കിയ കത്തും, ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചുകൊണ്ട് നല്‍കിയ കത്തും ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടത്. നാളെ രാവിലെ 10. 30 ന് ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. വിശ്വാസവോട്ടെടുപ്പില്‍ കോടതി അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.

ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയെ ശിവസേന സുപ്രീംകോടതിയില്‍ രൂക്ഷമായി വിമര്‍ശിച്ചു. അടിയന്തരാവസ്ഥയ്ക്ക് തുല്യമായ അവസ്ഥയാണ് ഇപ്പോഴെന്ന് ശിവസേനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. ഗവര്‍ണറുടെ നടപടി വിവേചനപരമാണ്. ഭരണഘടനയ്ക്ക് അനുസൃതമായല്ല ഗവര്‍ണര്‍ പെരുമാറിയത്. മറ്റാരുടെയോ നിര്‍ദേശത്തിന് അനുസരിച്ചാണ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി പെരുമാറിയതെന്ന് കപില്‍ സിബല്‍ ആരോപിച്ചു.

രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ തീരുമാനമെടുത്തത് കേന്ദ്രമന്ത്രിസഭായോഗം വിളിച്ച് ചേര്‍ത്തല്ലെന്നും സിബല്‍ പറഞ്ഞു. ഇത് അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യമാണെന്ന് ശിവസേന ആരോപിച്ചു. അര്‍ധരാത്രിയാണ് ബിജെപി ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഭൂരിപക്ഷം ഉറപ്പാക്കുന്ന ഒരു രേഖപോലും കാണാതെയാണ് ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചത്. മാത്രമല്ല ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ച സമയമാണ് ഗവര്‍ണര്‍ അനുവദിച്ചത്. ഇത് കുതിരക്കച്ചവടത്തിന് സാഹചര്യമൊരുക്കാന്‍ വേണ്ടിയാണെന്നും സിബല്‍ വാദിച്ചു.

രാഷ്ട്രപതി ഭരണം പിന്‍വലിക്കാതെ എങ്ങനെ ഒരാളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ ചോദിച്ചു. ഇതുതന്നെയാണ് ഞങ്ങളും ചോദിക്കുന്നതെന്ന് കബില്‍ സിബല്‍ അഭിപ്രായപ്പെട്ടു. ഭൂരിപക്ഷം ഉണ്ടെന്ന് പറയുന്നത് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ്. ഭൂരിപക്ഷം ഉണ്ടെങ്കില്‍ ബിജെപി സര്‍ക്കാരിനോട് ഇന്ന് അല്ലെങ്കില്‍ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടണം. കുതിരക്കച്ചവടത്തിന് കോടതി സാഹചര്യം ഒരുക്കരുതെന്നും സിബല്‍ പറഞ്ഞു. എന്നാല്‍ കേസ് അടിയന്തരമായി കേള്‍ക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഇവിടെ ഒരു സര്‍ക്കാര്‍ ഉള്ള സാഹചര്യത്തില്‍ അടിയന്തരമായി കേസ് പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ബിജെപിക്കും സ്വതന്ത്ര എംഎല്‍എമാര്‍ക്കും വേണ്ടി ഹാജരായ മുകുള്‍ റോത്തഗി അഭിപ്രായപ്പെട്ടു.

അജിത് പവാറിന് ഭൂരിപക്ഷമില്ലെന്നും അദ്ദേഹത്തെ പാര്‍ട്ടി നേതൃസ്ഥാനത്തുനിന്നും പുറത്താക്കിയതാണെന്ന് എന്‍സിപിക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി പറഞ്ഞു. കര്‍ണാടക കേസില്‍ മുമ്പ് 24 മണിക്കൂറിനകം സഭയില്‍ വിശ്വാസം തെളിയിക്കാന്‍ കോടതി നിര്‍ദേശിച്ച കാര്യവും സിങ്‌വി ചൂണ്ടിക്കാട്ടി. ഇക്കാര്യം മഹാരാഷ്ട്രയിലും നടപ്പാക്കണം. വോട്ടെടുപ്പിന് രഹസ്യബാലറ്റ് പാടില്ല. ഒന്നും ഒളിക്കേണ്ടെന്നും വിശ്വാസ വോട്ടെടുപ്പ് അടക്കം എല്ലാ കാര്യവും തല്‍സമയം സംപ്രേഷണം ചെയ്യണമെന്നും സിങ്‌വി  ആവശ്യപ്പെട്ടു. ഗവര്‍ണര്‍ക്ക് മുന്നിലല്ല, സഭയിലാണ് സര്‍ക്കാര്‍ വിശ്വാസം തെളിയിക്കേണ്ടതെന്നും സിങ്‌വി വാദിച്ചു.

എന്നാല്‍ ഗവര്‍ണറുടെ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് മുകുള്‍ റോത്തഗി വാദിച്ചു. അദ്ദേഹത്തിന്റെ നടപടികളെ കോടതിയില്‍ ചോദ്യം ചെയ്യാനാകില്ല. ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉണ്ടെന്നും റോത്തഗി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ ത്രികക്ഷി സഖ്യം ഇത്രയും നാള്‍ അലസത തുടരുകയായിരുന്നുവെന്നും റോത്തഗി വാദിച്ചു. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ മൂന്നുദിവസത്തെ സമയം വേണമെന്നും റോത്തഗി ആവശ്യപ്പെട്ടു.

എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് മാത്രമാണ് കോടതി കേള്‍ക്കുന്നതും, ഗവര്‍ണറുടെ അധികാരം കോടതി പരിഗണിക്കുന്നില്ലെന്നും ജസ്റ്റിസ് രമണ വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്‍രെ നിര്‍ദേശപ്രകാരമാണ് ഹര്‍ജി പരിഗണിക്കുന്നതെന്ന് കോടതിയില്‍ വാദം കേട്ടപ്പോള്‍ തന്നെ ജസ്റ്റിസ് രമണ വ്യക്തമാക്കിയിരുന്നു. കേസ് പരിഗണിച്ചപ്പോല്‍ തന്നെ ഞായറാഴ്ച കേസ് കേള്‍ക്കാന്‍ ആവശ്യപ്പെട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് കബില്‍ സിബല്‍ പറഞ്ഞു. എന്നാല്‍ അത് പ്രശ്‌നമല്ല, തങ്ങളുടെ ജോലിയാണ് ഇതെന്ന് ജസ്റ്റിസ് രമണ പറഞ്ഞു. ജസ്റ്റിസുമാരായ എന്‍ വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com