മോദിക്ക് നന്ദി; വഴങ്ങാതെ അജിത് പവാര്‍, എന്‍സിപിയുടെ അനുനയ നീക്കത്തിന് തിരിച്ചടി

മഹാരാഷ്ട്രയില്‍ പമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതില്‍ അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസയ്ക്ക് നന്ദി പറഞ്ഞ് അജിത് പവാര്‍
മോദിക്ക് നന്ദി; വഴങ്ങാതെ അജിത് പവാര്‍, എന്‍സിപിയുടെ അനുനയ നീക്കത്തിന് തിരിച്ചടി

മുംബൈ:  മഹാരാഷ്ട്രയില്‍ പമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതില്‍ അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസയ്ക്ക് നന്ദി പറഞ്ഞ് അജിത് പവാര്‍. 'ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് നന്ദി, ഞങ്ങള്‍ സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍ ഉറപ്പുവരുത്തും, മഹാരാഷ്ട്രയിലെ ജനങ്ങളുടെ ഉന്നതിക്ക് വേണ്ടി പ്രവര്‍ത്തിക്കും' എന്ന് അജിത് പവാര്‍ ട്വീറ്റ് ചയ്തു.

മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസിനും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനും ആശംസകള്‍ നേരുന്നു, മഹാരാഷ്ട്രയുടെ ഉന്നമനത്തിന് വേണ്ടി ഇവര്‍ ഒരുമുച്ച് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുണ്ടെന്നും ആയിരുന്നു മോദിയുടെ ട്വീറ്റ്. ഇത് റീട്വീറ്റ് ചെയ്തുകൊണ്ടാണ് അജിത് പവാര്‍ നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, സ്മൃതി ഇറാനി, നിതിന്‍ ഗഡ്കരി അടക്കമുള്ളവരുടെ ട്വീറ്റുകള്‍ക്കും അജിത് പവാര്‍ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. അജിത് പവാറിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനുള്ള എന്‍സിപിയുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്നാണ് സൂചനകള്‍. മുതിര്‍ന്ന നേതാവ് ജയന്ത് പാട്ടീല്‍ അജിത് പവാറുമായി കൂടിക്കാഴ്ച നടത്തി. ശരദ് പവാറുമായി സഹകരിക്കാനില്ലെന്ന നിലപാടാണ് അജിത് സ്വീകരിച്ചത് എന്നാണ് സൂചന.

ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് അജിത് പവാറിനോട് കഴിഞ്ഞ ദിവസം ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ എന്‍സിപി ആവശ്യപ്പെട്ടിരുന്നു. നിയമസഭ കക്ഷി നേതാവ് സ്ഥാനത്ത് നിന്നും അജിത് പവാറിനെ എന്‍സിപി നീക്കി. ഇതിന് മറുപടിയായാണ് മോദിയും കേന്ദ്രമന്ത്രിമാരും നേര്‍ന്ന ആശംസകള്‍ക്ക് അജിത് പവാര്‍ ട്വിറ്ററീലുടെ നന്ദി പറഞ്ഞത്.

അതേസമയം, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പരിഭ്രമിക്കേണ്ടതില്ലെന്നും സേന-എന്‍സിപി സഖ്യം മുന്നോട്ടുപോകുമെന്നും ശിവസേന മേധാവി ഉദ്ദവ് താക്കറെ എന്‍സിപി എംഎല്‍എമാരോട് പറഞ്ഞു. എന്‍സിപി ക്യാമ്പിലെത്തി എംഎല്‍എമാരോട് സംസാരിക്കുയായിരുന്നു അദ്ദേഹം.

എന്‍സിപിയെ പിളര്‍ത്തി ബിജെപിക്കൊപ്പം ചേര്‍ന്ന അജിത് പവാറിനെ ലക്ഷ്യമിട്ടുള്ള പ്രതികരണവുമായി ശരദ് പവാറിന്റെ മകള്‍ സുപ്രിയ
സുലെ രംഗത്തെത്തി. വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെയാണ് വീണ്ടും സുപ്രിയ പ്രതികരണം നടത്തിയിരിക്കുന്നത്.

'ഞാന്‍ വിശ്വസിക്കുന്നത്...അധികാരം വരികയും പോവുകയും ചെയ്യും. ബന്ധങ്ങള്‍ക്ക് മാത്രമാണ് പ്രാധാന്യം' എന്നായിരുന്നു സുപ്രിയയുടെ ഒരു സ്റ്റാറ്റസ്.

'മൂല്യങ്ങള്‍ക്കാണ് അന്തിമ വിജയം. സത്യസന്ധതയും കഠിനാധ്വാനവും ഒരിക്കലും പാഴായിപ്പോകില്ല. ആ വഴി കാഠിന്യമേറിയതാണ്. എന്നാല്‍ അതാണ് ദീര്‍ഘകാലം നിലനില്‍ക്കുക' എന്ന് മറ്റൊരു സ്റ്റാറ്റസില്‍ സുപ്രിയ കുറിച്ചു. പാര്‍ട്ടിയും കുടുംബവും പിളര്‍ന്നെന്ന് കഴിഞ്ഞ ജദിവസം സുപ്രിയ സ്റ്റാറ്റസ് ഇട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com