രാഷ്ട്രീയക്കാരനാകാനല്ല ഞാന്‍ ആഗ്രഹിച്ചത്...;  മനസ്സുതുറന്ന്‌ നരേന്ദ്ര മോദി

ഉത്തരവാദിത്തം ഏറ്റെടുത്തതോടെ കഴിയുന്നത്ര മികച്ച രീതിയില്‍ ചുമതല പൂര്‍ത്തിയാക്കുമെന്ന് മോദി
രാഷ്ട്രീയക്കാരനാകാനല്ല ഞാന്‍ ആഗ്രഹിച്ചത്...;  മനസ്സുതുറന്ന്‌ നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീം കോടതി സ്വീകരിച്ച നിലപാട് ജനങ്ങളുടെ ജുഡീഷറിയിലുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

കോടതി വിധിക്ക് ശേഷം ഐക്യവും സമാധാനവും നിലനിര്‍ത്തിയ ജനങ്ങള്‍ക്ക് മന്‍ കി ബാത്തില്‍ അദ്ദേഹം നന്ദി അറിയിച്ചു. ജനങ്ങള്‍ സ്വീകരിച്ച സമാധാനവും ഐക്യവും രാജ്യത്തിന്റെ വൈവിധ്യമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയക്കാരനല്ലെങ്കില്‍ എന്തു ജോലിയാണ് ചെയ്യുകയെന്ന ഡല്‍ഹിയിലെ യുവാവിന്റെ ചോദ്യത്തിന് രാഷ്ട്രീയക്കാരനാകാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന മറുപടിയാണ് പ്രധാനമന്ത്രി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ കഴിയുന്നത്ര മികച്ച രീതിയില്‍ ചുമതല പൂര്‍ത്തിയാക്കുമെന്ന് മോദി പറഞ്ഞു. പരിപാടിയില്‍ നിരവധി പേരുമായി പ്രധാനമന്ത്രി സംവദിച്ചു.

ഡിസംബര്‍ 7 സായുധ സേന ദിനമായി ആചരിക്കുമെന്നും ഓരോരുത്തരും സായുധ സേനയുടെ കടമയെ കുറിച്ച് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സൈനികരുടെ ധീരത, ധൈര്യം, സാഹസികത, ജീവത്യാഗം എന്നിവയെ കുറിച്ചും അദ്ദേഹം മന്‍ കീ ബാത്തില്‍ സംസാരിച്ചു. പരിപാടിയില്‍ രാജ്യത്തെ കാക്കുന്ന സൈനികര്‍ക്ക് പ്രധാനമന്ത്രി ആദരം അര്‍പ്പിച്ചു.

'എക്‌സാം വാരിയര്‍' എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കുന്ന അടുത്ത എപ്പിസോഡ് പരീക്ഷയ്ക്ക് മുമ്പു തന്നെ പ്രക്ഷേപണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊഹിമ, ന്യൂഡല്‍ഹി, റോഹ്താക് എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍സിസി കേഡറ്റുകളുമായി പിരപാടിയില്‍ അദ്ദേഹം സംസാരിച്ചു. എന്‍സിസി കേഡറ്റില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തനിക്കു നേരിട്ട അനുഭവങ്ങള്‍ പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി പങ്കുവെച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com