ചിദംബരത്തെ കാണാന്‍ ശശി തരൂര്‍ ജയിലിലെത്തി; 'മറ്റ് രാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യ തലകുനിക്കേണ്ടി വരുന്നു'
By സമകാലിക മലയാളം | Published: 25th November 2019 11:14 AM |
Last Updated: 25th November 2019 11:14 AM | A+A A- |
ന്യൂഡല്‍ഹി: ഐഎന്‍എസ് മീഡിയ അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന പി ചിദംബരത്തെ കാണാന്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ ജയിലിലെത്തി. മകന്‍ കാര്‍ത്തി ചിദംബരവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. സന്ദര്‍ശനശേഷം കേന്ദ്രസര്‍ക്കാരിനെതിരെ തരൂര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.
പി ചിദംബരത്തെ 98 ദിവസം ജയിലില്‍ അടച്ചത് ന്യായീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനാകില്ലെന്ന് തരൂര്‍ പറഞ്ഞു. കടുത്ത അന്യായമാണ് കേന്ദ്രസര്‍ക്കാര്‍ ചിദംബരത്തോട് കാട്ടിയത്. ഭരണഘടനയെ പോലും ബഹുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യറാവുന്നില്ലെന്നും ഇവരുടെ നടപടി മൂലം മറ്റ് രാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യക്ക് തലകുനിക്കേണ്ടി വരുന്നെന്നും തരൂര്‍ പറഞ്ഞു.
ഐഎന്‍എക്‌സ് മീഡിയാ അഴിമതി കേസില്‍ ഓഗസ്റ്റ് 21 നാണ് ചിദംബരത്തെ സിബിഐ അറസ്റ്റു ചെയ്യുന്നത്. സെപ്റ്റംബര്‍ 5 മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുകയാണ്. ഒക്ടോബര്‍ 22ന് സുപ്രീംകോടതി പി ചിദംബരത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇഡി കസ്റ്റഡിയില്‍ എടുത്തിരുന്നതിനാല്‍ പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. 2007ല്‍ പി ചിദംബരം ധനമന്ത്രിയായിരിക്കേ ഐഎന്‍എക്‌സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.