കത്തുകളില്‍ കണ്ണുനട്ട് രാജ്യം; മഹാരാഷ്ട്ര ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് മഹാ പുരോഗമന സഖ്യം നല്‍കിയ ഹര്‍ജി സുപ്രീംകോടതി വീണ്ടും ഇന്ന് പരിഗണിക്കും.
കത്തുകളില്‍ കണ്ണുനട്ട് രാജ്യം; മഹാരാഷ്ട്ര ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് മഹാ പുരോഗമന സഖ്യം നല്‍കിയ ഹര്‍ജി സുപ്രീംകോടതി വീണ്ടും ഇന്ന് പരിഗണിക്കും. രാവിലെ 10.30നാണ് ഹര്‍ജി പരിഗണിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ രേഖകള്‍ സുപ്രീംകോടതി പരിശോധിക്കും.

ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവര്‍ണര്‍ നല്‍കിയ കത്തും, ഭൂരിപക്ഷം ഉണ്ടെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് നല്‍കിയ കത്തുമാണ് കോടതി പരിശോധിക്കുന്നത്. 10.30ന് കോടതി ചേരുന്നതിന് മുമ്പ് കത്തുകള്‍ ഹാജരാക്കണം എന്നാണ് നിര്‍ദേശം. ജസ്റ്റിസുമാരായ എന്‍ വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിന് സത്യപ്രതിജ്ഞ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി റദ്ദു ചെയ്യുക, 24 മണിക്കൂറിനകം വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യം കോടതിയെ സമീപിച്ചത്.

ഗവര്‍ണറുടെ അധികാരം സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, വിശ്വാസ വോട്ടെടുപ്പ് മാത്രമേ പരിശോധിക്കുന്നുള്ളു എന്ന് വ്യക്തമാക്കിയിരുന്നു. വിശ്വാസവോട്ടെടുപ്പില്‍ കോടതി അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.

ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ മഹാസഖ്യത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ രൂക്ഷമായി വാദിച്ചിരുന്നു. അടിയന്തരാവസ്ഥയ്ക്ക് തുല്യമായ അവസ്ഥയാണ് ഇപ്പോഴെന്ന് ശിവസേനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. ഗവര്‍ണറുടെ നടപടി വിവേചനപരമാണ്. ഭരണഘടനയ്ക്ക് അനുസൃതമായല്ല ഗവര്‍ണര്‍ പെരുമാറിയത്. മറ്റാരുടെയോ നിര്‍ദേശത്തിന് അനുസരിച്ചാണ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി പെരുമാറിയതെന്ന് കപില്‍ സിബല്‍ ആരോപിച്ചു.

രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ തീരുമാനമെടുത്തത് കേന്ദ്രമന്ത്രിസഭായോഗം വിളിച്ച് ചേര്‍ത്തല്ലെന്നും സിബല്‍ പറഞ്ഞു.അര്‍ധരാത്രിയാണ് ബിജെപി ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഭൂരിപക്ഷം ഉറപ്പാക്കുന്ന ഒരു രേഖപോലും കാണാതെയാണ് ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചത്. മാത്രമല്ല ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ച സമയമാണ് ഗവര്‍ണര്‍ അനുവദിച്ചത്. ഇത് കുതിരക്കച്ചവടത്തിന് സാഹചര്യമൊരുക്കാന്‍ വേണ്ടിയാണെന്നും സിബല്‍ വാദിച്ചു.

രാഷ്ട്രപതി ഭരണം പിന്‍വലിക്കാതെ എങ്ങനെ ഒരാളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ ചോദിച്ചു. ഇതുതന്നെയാണ് ഞങ്ങളും ചോദിക്കുന്നതെന്ന് കബില്‍ സിബല്‍ അഭിപ്രായപ്പെട്ടു. ഭൂരിപക്ഷം ഉണ്ടെന്ന് പറയുന്നത് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ്. ഭൂരിപക്ഷം ഉണ്ടെങ്കില്‍ ബിജെപി സര്‍ക്കാരിനോട് ഇന്ന് അല്ലെങ്കില്‍ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടണം. കുതിരക്കച്ചവടത്തിന് കോടതി സാഹചര്യം ഒരുക്കരുതെന്നും സിബല്‍ പറഞ്ഞു. എന്നാല്‍ കേസ് അടിയന്തരമായി കേള്‍ക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഇവിടെ ഒരു സര്‍ക്കാര്‍ ഉള്ള സാഹചര്യത്തില്‍ അടിയന്തരമായി കേസ് പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ബിജെപിക്കും സ്വതന്ത്ര എംഎല്‍എമാര്‍ക്കും വേണ്ടി ഹാജരായ മുകുള്‍ റോത്തഗി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com