'ഞങ്ങള്‍ 162 പേര്‍ ഇവിടെയുണ്ട്, വന്നു കാണു'; ത്രികക്ഷി സഖ്യത്തിന്റെ ശക്തിപ്രകടനം, പ്രതിജ്ഞ

'ഞങ്ങള്‍ 162 പേര്‍ ഇവിടെയുണ്ട്, വന്നു കാണു'; ത്രികക്ഷി സഖ്യത്തിന്റെ ശക്തിപ്രകടനം, പ്രതിജ്ഞ

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയെ ഞെട്ടിച്ച് എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന ശക്തിപ്രകടനം

മുംബൈ: മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയെ ഞെട്ടിച്ച് എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന ശക്തിപ്രകടനം. തങ്ങള്‍ക്കൊപ്പമുളള 162 എംഎല്‍എമാരെ ഒരുമിച്ച് അണിനിരത്തിയാണ് ത്രികക്ഷി സഖ്യം ശക്തിപ്രകടനം നടത്തിയത്. തുടര്‍ന്ന് എംഎല്‍എമാര്‍ സഖ്യത്തിന് പിന്തുണ നല്‍കി നേതൃത്വം ചൊല്ലി കൊടുത്ത പ്രതിജ്ഞ ഏറ്റുചൊല്ലി. മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലാണ് സഖ്യത്തിന്റെ ശക്തിപ്രകടനത്തിന് വേദിയായത്. എന്‍സിപി നേതാവ് ശരദ് പവാര്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ തുടങ്ങി പ്രമുഖ നേതാക്കള്‍ എംഎല്‍എമാര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ എല്ലാനിലയിലും കഴിയുമെന്ന് അവകാശവാദം ഉന്നയിച്ച് മണിക്കൂറുകള്‍ക്കകമാണ് ത്രികക്ഷി സഖ്യം ശക്തിപ്രകടനം നടത്തിയത്. 'ശരദ് പവാര്‍, ഉദ്ധവ് താക്കറെ, സോണിയ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ ഞാന്‍ പാര്‍ട്ടിയോട് കൂറുളളവനായിരിക്കും, മറ്റുളളവരുടെ സ്വാധീനത്തില്‍ അകപ്പെടില്ല, ബിജെപിക്ക് ഗുണകരമായ ഒന്നും തന്നെ ചെയ്യില്ല'- എന്ന് പറഞ്ഞായിരുന്നു എംഎല്‍എമാരുടെ സത്യപ്രതിജ്ഞ.  'ഞങ്ങള്‍ 162 പേരുണ്ട്, വന്ന് ഞങ്ങളുടെ ശക്തി കാണു'- ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു ട്വീറ്റ്.

വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ 162 എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിനെതിരെ വിധിയെഴുതുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ പറഞ്ഞു. തുടര്‍ന്ന് ത്രികക്ഷി സഖ്യത്തിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂരിപക്ഷം തെളിയിക്കാന്‍ മറ്റു പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ശരദ് പവാര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വ്യക്തിക്ക് ഒരു വിധത്തിലുമുളള ഉത്തരവുകളും പുറപ്പെടുവിക്കാനാവില്ലെന്നും അജിത് പവാറിനെ ഉദ്ദേശിച്ച് ശരദ് പവാര്‍ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ദിവസം എല്ലാ എംഎല്‍എമാരെയും സഭയില്‍ കൊണ്ടുവരും. ഇത് ഗോവയല്ലെന്നും  മഹാരാഷ്ട്രയാണെന്നും ശരദ് പവാര്‍ ഓര്‍മ്മിപ്പിച്ചു. അധികാരത്തിന് വേണ്ടിയല്ലെന്നും സത്യമേവ ജയതേയ്ക്ക് വേണ്ടിയുളള പോരാട്ടമാണിതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 'ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍, കൂടുതല്‍ ശക്തിയായി ഞങ്ങള്‍ ഒരുമിക്കുകയാണ് ചെയ്തത്- ഉദ്ധവ് താക്കറെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com