പിന്തുണച്ചതിന്റെ പ്രതിഫലം ?; 72,000 കോടിയുടെ അഴിമതിയില്‍ അജിത് പവാറിന് ക്ലീന്‍ ചിറ്റ് ; തെളിവില്ലെന്ന് അന്വേഷണസംഘം

മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായി  അജിത് പവാർ ചുമതലയേറ്റ് 48 മണിക്കൂറിനകമാണ് തീരുമാനം
പിന്തുണച്ചതിന്റെ പ്രതിഫലം ?; 72,000 കോടിയുടെ അഴിമതിയില്‍ അജിത് പവാറിന് ക്ലീന്‍ ചിറ്റ് ; തെളിവില്ലെന്ന് അന്വേഷണസംഘം

മുംബൈ : ബിജെപിക്ക് പിന്തുണ നല്‍കിയതിന് പിന്നാലെ വിദര്‍ഭ ജലസേചന അഴിമതിയില്‍ എന്‍സിപി നേതാവ് അജിത് പവാറിന് ക്ലീന്‍ചിറ്റ്.  മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായി  അജിത് പവാർ ചുമതലയേറ്റ് 48 മണിക്കൂറിനകമാണ് തീരുമാനം. 72,000 കോടിയുടെ അഴിമതിക്കേസാണ് മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോ അവസാനിപ്പിക്കുന്നത്. അജിത് പവാറിനെതിരെ തെളിവുകള്‍ ഇല്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

അന്വേഷണം അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചില്‍ മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോ സമര്‍പ്പിച്ചു. സംസ്ഥാനത്ത് ജലസേചനപദ്ധതികള്‍ അനുവദിച്ചതില്‍ അഴിമതിയുണ്ടായെന്ന് കാട്ടി റജിസ്റ്റര്‍ ചെയ്ത ഒമ്പത് കേസുകളിലാണ് അജിത് പവാറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുള്ളത്. 1999 മുതല്‍ 2014 വരെയുള്ള കാലഘട്ടങ്ങളിലാണ് ഇത്രയും കോടിയുടെ വന്‍ അഴിമതി നടന്നത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യസര്‍ക്കാരിന്റെ കാലത്തായിരുന്നു വന്‍ കുംഭകോണം നടന്നത്.

വിഷയത്തില്‍ കേന്ദ്രമന്ത്രി റാവുസാഹേബ് ദാന്‍വെ 2018 നവംബറില്‍ പറഞ്ഞത്, അഴിമതിക്കേസില്‍ അജിത് പവാര്‍ ഏതു നിമിഷവും അറസ്റ്റിലാകാം എന്നായിരുന്നു. ഈ അഴിമതിക്കേസുകള്‍ ഉന്നയിച്ചാണ് ബിജെപി എന്‍സിപിക്കെതിരെ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയതും. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ ബിജെപി നടത്തിയ രാഷ്ട്രീയനാടകത്തിന് പിന്നിലും, അഴിമതിക്കേസുകള്‍ ഉയര്‍ത്തി അജിത് പവാറിനെ ഭീഷണിപ്പെടുത്തിയതാണെന്ന് ആക്ഷേപമുണ്ട്.

എന്നാല്‍ പിന്‍വലിച്ച കേസുകളൊന്നും, അജിത് പവാറുമായി ബന്ധപ്പെട്ടതല്ലെന്ന വിശദീകരണമാണ് അഴിമതി വിരുദ്ധവിഭാഗം നല്‍കുന്നത്. എന്നാല്‍ ഈ കേസുകളിലൊന്നും അജിത് പവാര്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്ന് അഴിമതിവിരുദ്ധ വിഭാഗം ഡയറക്ടര്‍ ജനറല്‍ പരംബിര്‍ സിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സൂചിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com