മഹാരാഷ്ട്ര : വിശ്വാസവോട്ടെടുപ്പില്‍ സുപ്രീംകോടതി ഉത്തരവ് നാളെ രാവിലെ 10.30 ന്

മഹാരാഷ്ട്ര കേസില്‍ നാളെ രാവിലെ 10.30 ന് കോടതി വിധി പ്രസ്താവിക്കും. സ്പീക്കറെ തെരഞ്ഞെടുത്തശേഷം മാത്രമേ വിശ്വാസവോട്ടെടുപ്പ് നടത്താവൂയെന്ന് ബിജെപി
മഹാരാഷ്ട്ര : വിശ്വാസവോട്ടെടുപ്പില്‍ സുപ്രീംകോടതി ഉത്തരവ് നാളെ രാവിലെ 10.30 ന്

ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ നിയമിച്ചത് ചോദ്യം ചെയ്ത്  ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ വിധി പറയും. രാവിലെ 10.30 ന് കേസില്‍ വിധി പ്രസ്താവിക്കുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എന്‍വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ഫഡ്‌നാവിസിനോട് ഉടന്‍ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടണമെന്ന് പ്രതിപക്ഷകക്ഷികളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പ്രതിപക്ഷത്തിന്റെ അഭിഭാഷകരുടെ വാദം ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും എതിര്‍ത്തു. എത്രസമയത്തിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നത് ഗവര്‍ണറുടെ വിവേചനാധികാരമാണ്. ഇതില്‍ കോടതി ഇടപെടരുത്. മാത്രമല്ല, സ്പീക്കറെ തെരഞ്ഞെടുത്തതിന് ശേഷം മാത്രമേ വിശ്വാസ വോട്ടെടുപ്പ് നടത്താനാകൂ എന്നും റോത്തഗി ചൂണ്ടിക്കാട്ടി.

എന്നാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി സമയം അനുവദിക്കരുതെന്ന് എന്‍സിപിക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി വാദിച്ചു. സഭയിലെ ഏറ്റവും സീനിയര്‍ ആയ എംഎല്‍എയെ പ്രോട്ടെം സ്പീക്കറായി നിയമിച്ച് ഫഡ്‌നാവിസ് സര്‍ക്കാറിനെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടണമെന്ന് ആണ് സിങ് വി വാദിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങളും മറുപടിയും നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസില്‍ വിധി പറയാന്‍ നാളത്തേക്ക് മാറ്റി.

കേസില്‍ ഇന്നും കോടതിയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടന്നത്. കോടതി ആരംഭിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആധാരമായ കത്തുകള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിക്ക് കൈമാറി. അജിത് പവാര്‍ നല്‍കിയ കത്തില്‍ 54 എംഎല്‍എമാരുടെ ഒപ്പുണ്ട്. 170 പേരുടെ പിന്തുണ ഉള്ളതുകൊണ്ടാണ് ഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതെന്ന് തുഷാര്‍ മേത്ത കോടതിയില്‍ അറിയിച്ചു. കത്തില്‍ താനാണ് എന്‍സിപി നിയമസഭാ കക്ഷി നേതാവെന്ന് അജിത് പവാര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും തുഷാര്‍ മേത്ത പറഞ്ഞു.

ഗവര്‍ണറുടെ നടപടിയില്‍ പിഴവില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. ഫഡ്‌നവിസിന് ഗവര്‍ണര്‍ നല്‍കിയ കത്തും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഗവര്‍ണറുടെ സെക്രട്ടറിക്ക് വേണ്ടിയാണ് താന്‍ ഹാജരാകുന്നതെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് പുലര്‍ച്ചെ 5.47 നാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. ഫഡ്‌നാവിസ് രാവിലെ എട്ടുമണിക്കാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇത്ര അടിയന്തരമായി നടപടി സ്‌വീകരിക്കേണ്ട എന്ത് അടിയന്തര സാഹചര്യമാണ് മഹാരാഷ്ട്രയില്‍ ഉണ്ടായിരുന്നത് എന്നും ശിവസേനയ്ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ ചോദിച്ചു.

അജിത് പവാറിന് എന്‍സിപി എംഎല്‍എമാരുടെ പിന്തുണയില്ലെന്ന് എന്‍സിപി അഭിഭാഷകന്‍ മനു അഭിഷേക് സിങ് വി പറഞ്ഞു. ഒരു പേപ്പറില്‍ എംഎല്‍എമാരുടെ ഒപ്പുവെച്ച കടലാസ് മാത്രമാണുള്ളത്. ഇതില്‍ ബിജെപിക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള കവറിങ് ലെറ്റര്‍ ഇല്ലെന്ന് സിങ് വി ചൂണ്ടിക്കാട്ടി. ഞാനാണ് എന്‍സിപി എന്നും, ഭരണഘടനാപരമായും നിയമപരമായും തന്റെ കത്തില്‍ തെറ്റില്ലെന്നും അജിത് പവാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനീന്ദര്‍ സിങ് പറഞ്ഞു. ഹര്‍ജിക്കാര്‍ ആദ്യം പോകേണ്ടത് ഹൈക്കോടതിയില്‍ ആയിരുന്നെന്നും മനീന്ദര്‍ സിങ്  വാദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com