ലോക്‌സഭയില്‍ സംഘര്‍ഷം; രമ്യ ഹരിദാസിനെ കയ്യേറ്റം ചെയ്തു; ബെന്നി ബെഹനാന് പരിക്ക്; സ്പീക്കര്‍ക്ക് പരാതി

ലോക്‌സഭയില്‍ പുരുഷ മാര്‍ഷല്‍മാര്‍ എംപി രമ്യാഹരിദാസിനെ കയ്യേറ്റം ചെയ്തതായി ആരോപണം
ലോക്‌സഭയില്‍ സംഘര്‍ഷം; രമ്യ ഹരിദാസിനെ കയ്യേറ്റം ചെയ്തു; ബെന്നി ബെഹനാന് പരിക്ക്; സ്പീക്കര്‍ക്ക് പരാതി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പുരുഷ മാര്‍ഷല്‍മാര്‍ എംപി രമ്യാഹരിദാസിനെ കയ്യേറ്റം ചെയ്തതായി ആരോപണം. ഇതേതുടര്‍ന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് രമ്യാഹരിദാസ് പരാതി നല്‍കി. ലോക്‌സഭയില്‍ മഹാരാഷ്ട്ര വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധം കയ്യാങ്കളിയില്‍ എത്തിയിരുന്നു. സംഘര്‍ഷത്തില്‍ ലോക്‌സഭാംഗം ബെന്നിബഹന്നാന് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ വാദങ്ങള്‍ തുടരുന്നതിനിടെ പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തൂ എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിപിടിച്ചാണ് സഭയ്ക്കു പുറത്ത് സോണിയയുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടര്‍ന്നത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളുമായി ബന്ധപ്പെട്ട് ഇരുസഭകളിലും അടിയന്തിര പ്രമേയത്തിന് നേരത്തെ കോണ്‍ഗ്രസ്സ് അനുമതി തേടിയിരുന്നു. സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന് പുറത്ത് എംപിമാര്‍ പ്രതിഷേധിച്ചിരുന്നു. പിന്നീട് പ്രതിഷേധം സഭയ്കക്കുള്ളിലേക്കും തുടരുകയായിരുന്നു. ചോദ്യോത്തര വേളയില്‍ രാഹുല്‍ ഗാന്ധിയാണ് ആദ്യം ചോദ്യം ചോദിച്ചത്. ജനാധിപത്യം തന്നെ കശാപ്പ ചെയ്യപ്പെട്ട കാലത്ത് ചോദ്യം ചോദിക്കുന്നതില്‍ പോലും അര്‍ഥമില്ലെന്ന മുഖവുരയോടെയാണ് രാഹുല്‍ ചോദ്യം ചോദിച്ചത്.

സഭാംഗങ്ങള്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളില്‍ കടുത്ത് എതിര്‍പ്പ് പ്രകടിപ്പിച്ച് സഭയില്‍ പ്രതിഷേധം തുടര്‍ന്നു. സഭ ശാന്തമാകാതിരുന്നതിനെ തുടര്‍ന്ന് 12 മണിവരേക്ക് സഭ മാറ്റിവെച്ചു. രാജ്യസഭ രണ്ട് മണി വരേക്കും പിരിഞ്ഞു.ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കുക എന്ന ബാനര്‍ സഭയില്‍ ഉയര്‍ത്തി കാട്ടിയതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള എംപിമാരായ ഹൈബി ഈഡനെയും ടിഎന്‍പ്രതാപനെയും സഭയില്‍ നിന്ന് പുറത്താക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com