പ്രോട്ടം സ്പീക്കര്‍ ആരാവും? സീനിയോറിറ്റി കോണ്‍ഗ്രസ് അംഗത്തിന്; ഗവര്‍ണര്‍ കീഴ്‌വഴക്കം മറികടക്കുമോ?

മഹാരാഷ്ട്രയില്‍ നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള സുപ്രീം കോടതി ഉത്തരവോടെ ആരാവും പ്രോട്ടം സ്പീക്കര്‍ എന്ന ചര്‍ച്ചകളും സജീവമായി
ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി
ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി

മുംബൈ: മഹാരാഷ്ട്രയില്‍ നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള സുപ്രീം കോടതി ഉത്തരവോടെ ആരാവും പ്രോട്ടം സ്പീക്കര്‍ എന്ന ചര്‍ച്ചകളും സജീവമായി. വിശ്വാസവോട്ടെടുപ്പിനു മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെട്ട പ്രോട്ടം സ്പീക്കറായി നിയമിക്കുന്നതിന് പതിനേഴു പേരുടെ പട്ടിക ബിജെപി രാജ്ഭവനില്‍ എത്തിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്പീക്കര്‍ തെരഞ്ഞെടുപ്പിനു ശേഷമേ വിശ്വാസവോട്ടെടുപ്പു നടത്താവൂ എന്ന ബിജെപിയുടെ വാദം തള്ളിയാണ് സുപ്രീം കോടതി പ്രോട്ടം സ്പീക്കറുടെ മേല്‍നോട്ടത്തില്‍ സഭ ചേരാന്‍ ഉത്തരവു നല്‍കിയിരിക്കുന്നത്. ഇതോടെ വിശ്വാസവോട്ടെടുപ്പില്‍ പ്രോട്ടം സ്പീക്കറുടെ റോള്‍ നിര്‍ണായകമായി.

സാധാരണഗതിയില്‍ സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെയാണ് പ്രോട്ടം സ്പീക്കറായി നിയമിക്കുക. അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കര്‍ തെരഞ്ഞെടുപ്പ് എന്നിവയാണ് പ്രോട്ടം സ്പീക്കറുടെ ചുമതലകള്‍. ഇതിനായി ഭരണപക്ഷ, പ്രതിപക്ഷ ഭേദമില്ലാതെ മുതിര്‍ന്ന അംഗത്തെ പ്രോട്ടം സ്പീക്കറായി നിയമിക്കുകയാണ് പതിവ്.

വിശ്വാസവോട്ടെടുപ്പു പോലെ ഏറെ നിര്‍ണായകമായ ഒരു കാര്യത്തിനു മേല്‍നോട്ടം വഹിക്കാന്‍ പ്രതിപക്ഷത്തുനിന്നുള്ള ഒരാളെ പ്രോട്ടം സ്പീക്കറായി നിയമിക്കുന്നതിനോടു ബിജെപിക്ക് യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന അംഗത്തെ നിയമിക്കുകയാണ് കീഴ് വഴക്കമെങ്കിലും ഇത് ഗവര്‍ണറുടെ വിവേചന അധികാരത്തില്‍ പെടുന്നതാണ്. അതുകൊണ്ടുതന്നെ ആരെ വേണമെങ്കിലും പ്രോട്ടം സ്പീക്കറായി ഗവര്‍ണര്‍ക്കു നിയമിക്കാമെന്ന് നിയമ രംഗത്തുള്ളവര്‍ പറയുന്നു.

നിലവില്‍ മഹാരാഷ്ട്രാ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ബാലാസാഹേബ് തൊറാത് ആണ് സീനിയര്‍ ആയ അംഗമെന്നാണ് വിവരം. എട്ടു തവണ അംഗമായ തൊറാതിന്റേത് ഉള്‍പ്പെടെ പതിനേഴു പേരുകളാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു കൈമാറിയിട്ടുള്ളത്. മറ്റു കോണ്‍ഗ്രസ് അംഗങ്ങളുടെയും എന്‍സിപി, ശിവസേന അംഗങ്ങളുടെയും പേരുകള്‍ ഇതിലുണ്ട്. എന്നാല്‍ മുന്‍ഗണന  എന്ന നിലയില്‍ ചില പേരുകളും ബിജെപി ഗവര്‍ണര്‍ക്കു കൈമാറിയെന്നാണ് സൂചനകള്‍. 

ഹരിഭൗ ബഗാഡേ, ബബാന്റാവു പച്പുഡേ, കാളിദാസ് കൊലാംബ്കര്‍ എന്നിവരുടെ പേരുകളാണ് ബിജെപിയുടെ മുന്‍ഗണനാ പട്ടികയില്‍ ഉള്ളത്. ബഗാഡേ ആണെങ്കില്‍ കഴിഞ്ഞ സഭയില്‍ സ്പീക്കര്‍ ആയിരുന്നു. അതുകൊണ്ട് ബഗാഡെയേയോ ഈ പട്ടികയിലെ മറ്റു രണ്ടുപേരില്‍ നിന്ന ഒരാളെയോ പ്രോട്ടം സ്പീക്കര്‍ പദവിയിലേക്ക് നിയമിക്കും എന്നാണ് ബിജെപി വൃത്തങ്ങള്‍ പങ്കുവയ്ക്കുന്ന പ്രതീക്ഷ. വിശ്വാസവോട്ടെടുപ്പു ബഹളത്തില്‍ കലാശിക്കാന്‍ സാധ്യതയുണ്ടെന്നും ആ സമയത്ത് പ്രോട്ടം സ്പീക്കറുടെ നിലപാടുകള്‍ പ്രധാനമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com