'ഭാര്യയുടെ സന്തോഷമാണ് വലുത്', കാമുകനൊപ്പം പോകാന്‍ അനുവദിച്ചു ഭര്‍ത്താവ്; കുട്ടികളെ എപ്പോള്‍ വേണമെങ്കിലും കാണാനും അനുവാദം

കാമുകനൊപ്പം പുതിയ ഒരു ജീവിതം നയിക്കാന്‍ ഭാര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കുടുംബ കോടതിയെയാണ് ഭര്‍ത്താവ് സമീപിച്ചത്
'ഭാര്യയുടെ സന്തോഷമാണ് വലുത്', കാമുകനൊപ്പം പോകാന്‍ അനുവദിച്ചു ഭര്‍ത്താവ്; കുട്ടികളെ എപ്പോള്‍ വേണമെങ്കിലും കാണാനും അനുവാദം

ഭോപ്പാല്‍: വിവാഹേതര ബന്ധം ഉള്‍പ്പെടെ വിവിധ കാരണങ്ങളുടെ പേരില്‍ ദമ്പതികള്‍ പരസ്പരം ആക്രമണം നടത്തിയതിന്റെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. പലപ്പോഴും കൊലപാതകത്തിലേക്ക് വരെ ഇത്തരം ആക്രമണങ്ങള്‍ കലാശിച്ചിട്ടുണ്ട്. എന്നാല്‍ വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് പുറത്തുവരുന്നത്.

ഭാര്യയുടെ സന്തോഷത്തിന് വേണ്ടി കാമുകന് ഒപ്പം പോകാന്‍ അനുവദിച്ചിരിക്കുകയാണ് ഭര്‍ത്താവ്. അതിനായി വിവാഹമോചനത്തിന് വരെ മുന്‍കൈയെടുത്തിരിക്കുകയാണ് ഭര്‍ത്താവ് . വിവാഹമോചനത്തിന് ശേഷം പതിവായി പ്രശ്‌നമാകാറുളള കുട്ടികളുടെ കാര്യത്തിലും ഭര്‍ത്താവ് ഒരു ഉപായം മുന്നോട്ടുവെച്ചു. കുട്ടികളെ എപ്പോള്‍ കാണണമെന്ന് തോന്നിയാലും കാണാന്‍ അനുവദിക്കാനും ഭര്‍ത്താവ് തയ്യാറായി.

കാമുകനൊപ്പം പുതിയ ഒരു ജീവിതം നയിക്കാന്‍ ഭാര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കുടുംബ കോടതിയെയാണ് ഭര്‍ത്താവ് സമീപിച്ചത്. ഏഴു വര്‍ഷം മുന്‍പ് സ്‌നേഹിച്ചിരുന്ന കാമുകന് ഒപ്പം ജീവിക്കണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് ഭര്‍ത്താവ് തടസ്സമായില്ല.  

ഏഴുവര്‍ഷം മുന്‍പാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആയ ഭര്‍ത്താവ് ഫാഷന്‍ ഡിസൈനറെ വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഇവര്‍ സന്തോഷകരമായ ജീവിതമാണ് നയിച്ചിരുന്നത്. അതിനിടെയാണ് വിവാഹം പോലും കഴിക്കാതെ കാമുകന്‍ ജീവിതം തളളിനീക്കുന്നതായുളള വിവരം ഭാര്യ അറിയുന്നത്. തുടര്‍ന്ന് കാമുകനെ കുറിച്ചുളള ഓര്‍മ്മകള്‍ വീണ്ടും ഭാര്യയുടെ മനസില്‍ തളിരിടുകയായിരുന്നു.

കാമുകനുമായുളള ബന്ധം പുനരാരംഭിച്ചത് അറിഞ്ഞത് തുടക്കത്തില്‍ കുടുംബത്തില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കി. ഭാര്യയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുളള ഭര്‍ത്താവിന്റെ ശ്രമങ്ങളും പാളി. തുടര്‍ന്ന് കുടുംബപ്രശ്‌നം കുടുംബകോടതിയിലേക്ക് നീങ്ങുകയായിരുന്നു.കൗണ്‍സിലിങ്ങിനിടെയും കാമുകനൊപ്പം പോകണമെന്ന നിലപാടില്‍ ഭാര്യ ഉറച്ചുനിന്നു. തുടര്‍ന്ന് കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവ് ഭാര്യയെ അനുവദിക്കുകയായിരുന്നു.

കുട്ടികളുടെ ഭാവിക്ക് വേണ്ടിയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ഭര്‍ത്താവ് പറയുന്നു. അതേസമയം കുട്ടികളെ വിട്ടുതരണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു. ഇത് ഫാഷന്‍ ഡിസൈനറായ ഭാര്യ അംഗീകരിച്ചു. അതേസമയം ഏത് സമയത്തും കുട്ടികളെ കാണാന്‍ ഭാര്യയെ ഭര്‍ത്താവ് അനുവദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com