കല്‍രാജ് മിശ്ര മഹാരാഷ്ട്ര ഗവര്‍ണറാകും ?; ഭഗത് സിങ് കോഷിയാരിയെ മാറ്റിയേക്കുമെന്ന് സൂചന
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th November 2019 12:01 PM |
Last Updated: 27th November 2019 12:01 PM | A+A A- |
മുംബൈ : മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളില്‍ മുഖം നഷ്ടമായ സാഹചര്യത്തില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. മഹാരാഷ്ട്രയില്‍ അരങ്ങേറിയ പാതിരാ നാടകം ബിജെപിക്കും ഗവര്‍ണര്‍ കോഷിയാരിക്കും മുഖം നഷ്ടമാക്കിയ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിന് ആലോചന നടക്കുന്നത്. മഹാരാഷ്ട്ര ഗവര്‍ണര്‍ സ്ഥാനത്തു നിന്നും മാറാന്‍ കോഷിയാരിയും കേന്ദ്രത്തെ സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കോഷിയാരിക്ക് പകരം രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായ കല്‍രാജ് മിശ്രയെ സെപ്തംബര്‍ 9 നാണ് കേന്ദ്രസര്‍ക്കാര്‍ രാജസ്ഥാനിലേക്ക് മാറ്റി നിയമിച്ചത്. ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന നേതാവായ കല്‍രാജ് മിശ്ര, കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായും ബിജെപി ദേശീയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയാണ് നിലവിലെ മഹാരാഷ്ട്ര ഗവര്‍ണറായ ഭഗത് സിങ് കോഷിയാരി. ഇദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാവയാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. രാഷ്ട്രീയനാടകങ്ങള്‍ക്ക് കൂട്ടുനിന്ന കോഷിയാരിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചേക്കുമെന്ന സൂചനകളുമുണ്ട്.
താന്‍ നിയമിച്ച ബിജെപി സര്‍ക്കാര്‍ ഭൂരിപക്ഷം ഇല്ലെന്ന് ബോധ്യപ്പെട്ട് പുറത്തുപോയ സാഹചര്യത്തിലും, നടപടി വിവാദമായ പശ്ചാത്തലത്തിലും പ്രതിപക്ഷ സഖ്യത്തിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ഒഴിവാക്കണമെന്ന ആഗ്രഹം കോഷിയേരിക്കും ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തില്‍ ഇന്നുതന്നെ ഗവര്‍ണര്‍ മാറ്റം ഉണ്ടായേക്കുമെന്നാണ് കേന്ദ്രസര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.