സാമ്പത്തികമാന്ദ്യം ഒരിക്കലും ഉണ്ടാവില്ല, വളര്‍ച്ചാനിരക്ക് കുറഞ്ഞേക്കും: നിര്‍മ്മല സീതാരാമന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th November 2019 07:42 PM |
Last Updated: 27th November 2019 07:42 PM | A+A A- |
ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവ് നേരിടുന്നതായി സമ്മതിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.എന്നാല്‍ ഇതിനെ സാമ്പത്തികമാന്ദ്യമെന്ന് വിളിക്കുന്നതിനെ മന്ത്രി എതിര്‍ത്തു. രാജ്യം ഒരിക്കലും സാമ്പത്തിക മാന്ദ്യം നേരിടില്ലെന്നും മന്ത്രി ഉറപ്പിച്ചുപറഞ്ഞു. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുളള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
'സമ്പദ് വ്യവസ്ഥയെ വിവേകപൂര്‍വ്വം നോക്കിക്കാണുകയാണെങ്കില്‍,സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവ് നേരിടാം. പക്ഷേ ഇത് സാമ്പത്തിമാന്ദ്യമല്ല. സാമ്പത്തികമാന്ദ്യം ഒരിക്കലും രാജ്യത്ത് സംഭവിക്കുകയുമില്ല'- മന്ത്രി പറഞ്ഞു.
സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 32ഓളം നടപടികളാണ് ഇതിനോടകം കൈക്കൊണ്ടത്. ഇതിന്റെ ഗുണഫലങ്ങള്‍ ഭാവിയില്‍ ഉണ്ടാകും. 2009 മുതല്‍ 2014വരെയുളള കാലയളവില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ശരാശരി 6.4 ശതമാനമായിരുന്നു. 2014-2019 കാലയളവില്‍ ഇത് 7.5 ശതമാനമായി ഉയര്‍ന്നതായി മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകളില്‍ അതൃപ്തി രേഖപ്പെടുത്തി പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ജൂണ്‍ പാദത്തില്‍ 25 പാദത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുളള വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.കേവലം അഞ്ചുശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്. ഉപഭോഗത്തില്‍ ഉണ്ടായ ഇടിവാണ് വളര്‍ച്ചാനിരക്കില്‍ പ്രതിഫലിച്ചത്. നടപ്പുസാമ്പത്തികവര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് പ്രമുഖ റേറ്റിങ് ഏജന്‍സിയായ മൂഡീസ് വെട്ടിച്ചുരുക്കിയിരുന്നു. മുന്‍ അനുമാനമായ 5.8 ശതമാനത്തില്‍ നിന്ന് 5.6 ശതമാനമായാണ് പ്രതീക്ഷിത വളര്‍ച്ചാനിരക്ക് മൂഡീസ് താഴ്ത്തിയത്.