ഉദ്ദവ് താക്കറെയുടെ സത്യപ്രതിജ്ഞ നാളെ; എംഎല്‍എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും 

ബാലാസാഹേബ് തോറാട്ടും ജയന്ത് പാട്ടീലും  ഉപമുഖ്യമന്ത്രിമാരാകും
ഉദ്ദവ് താക്കറെയുടെ സത്യപ്രതിജ്ഞ നാളെ; എംഎല്‍എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും 

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി ത്രികക്ഷി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഡിസംബര്‍ 1ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീടിത് നേരത്തെയാക്കുകയായിരുന്നു. നാളെ വൈകിട്ട് അഞ്ച് മണിക്ക് ശിവാജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. കോണ്‍ഗ്രസിന്റെ ബാലാസാഹേബ് തോറാട്ടും എന്‍സിപിയുടെ ജയന്ത് പാട്ടീലും  ഉപമുഖ്യമന്ത്രിമാരാകും. ഇവരും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 

മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരുന്നുണ്ട്. എംഎല്‍എമാരുടെ സത്യപ്രതജ്ഞ മാത്രമാണ് ഇന്ന് നടക്കുക. 288എംഎല്‍എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ നിയമിച്ച ബിജെപി എംഎല്‍എ കാളിദാസ് കൊലാംകറെയാണ് പ്രോടേം സ്പീക്കര്‍.

സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന മൂന്നുപാര്‍ട്ടികളുടെ സംയുക്ത നിയമസഭാ കക്ഷിയോഗത്തിലാണ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. ഉദ്ധവ് താക്കറെയെ നിയമസഭാ കക്ഷി നേതാവാക്കുന്നതിനുളള പ്രമേയത്തെ എല്ലാ എംഎല്‍എമാരും അനുകൂലിച്ചതിനെ തുടര്‍ന്ന് സഖ്യനേതാക്കള്‍ക്കൊപ്പം ഗവര്‍ണറെ കണ്ട് ഉദ്ധവ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള അവകാശവാദം ഉന്നയിച്ചു. ഉദ്ധവ് താക്കറെയ്ക്ക് പൂച്ചെണ്ട് നല്‍കി എന്‍സിപി നേതാവ് ശരദ് പവാര്‍ അഭിനന്ദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com