'കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആദര്‍ശം അനുവദിക്കുന്നില്ല' ; അതൃപ്തി പരസ്യമാക്കി ശിവസേന നേതാവ് രാജിവെച്ചു

ഹിന്ദു രാഷ്ട്രം, കോണ്‍ഗ്രസ് മുക്ത ഭാരതം എന്നീ സ്വപ്‌നങ്ങള്‍ കണ്ട് വിവിധ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കായി അഹോരാത്രം പ്രവര്‍ത്തിച്ചു
'കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആദര്‍ശം അനുവദിക്കുന്നില്ല' ; അതൃപ്തി പരസ്യമാക്കി ശിവസേന നേതാവ് രാജിവെച്ചു

മുംബൈ : മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ അധികാരത്തിലേറുകയാണ്.  താക്കറെ കുടുംബത്തില്‍ നിന്നും ഒരാള്‍ ആദ്യമായി മുഖ്യമന്ത്രിക്കസേരയിലെത്തുന്നു. അതിനിടെ പാര്‍ട്ടിയിലെ അതൃപ്തി പരസ്യമാക്കി യുവനേതാവ് ശിവസേനയില്‍ നിന്നും രാജിവെച്ചു. കോണ്‍ഗ്രസുമായി സഖ്യം ചെയ്യുന്നതിലും, അതിനായി ഹിന്ദുത്വ അജണ്ടകളില്‍ വിട്ടുവീഴ്ച ചെയ്യുന്നതിലു അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് യുവനേതാവായ രമേഷ് സോളങ്കി പാര്‍ട്ടി വിടുന്നത്.

ട്വിറ്ററിലൂടെയാണ് രമേഷ് സോളങ്കി രാജിക്കത്ത് പുറത്തുവിട്ടത്. ''മഹാരാഷ്ട്രയില്‍ രൂപം കൊള്ളാന്‍ പോകുന്ന സര്‍ക്കാരിനും നിയുക്ത മുഖ്യമന്ത്രിക്കും അഭിനന്ദനം. എന്നാല്‍ കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാന്‍ എന്റെ ആദര്‍ശം ഒരിക്കലും അനുവദിക്കുന്നില്ല. എനിക്ക് ഒരിക്കലും പാതി മനസ്സുമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അത് എന്റെ പോസ്റ്റിനേയും എന്റെ നേതാവിനോടും എന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിവസൈനീകരോടും ചെയ്യുന്ന വഞ്ചനയാണ്'' എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വിറ്റ്.

12 -ാം വയസ്സിലാണ് ബാലാസാഹേബ് താക്കറെയുടെ വ്യക്തി പ്രഭാവത്തില്‍ താന്‍ ആകൃഷ്ടനായത്. തുടര്‍ന്ന് ശിവസേനയ്‌ക്കൊപ്പമായിരുന്നു തന്റെ ജീവിതം. 1998 ലാണ് ഔദ്യോഗികമായി പാര്‍ട്ടിയില്‍ അംഗമായത്. ബാലാസാഹേബിന്റെ ഹിന്ദുത്വ ആശയങ്ങള്‍ക്കായി വിവിധ പദവികളില്‍ താന്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടിയുടെ നിരവധി ഉയര്‍ച്ചതാഴ്ചകള്‍ ഞാന്‍ കണ്ടു. ഹിന്ദു രാഷ്ട്രം, കോണ്‍ഗ്രസ് മുക്ത ഭാരതം എന്നീ സ്വപ്‌നങ്ങള്‍ കണ്ട് വിവിധ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കായി അഹോരാത്രം പ്രവര്‍ത്തിച്ചു.

കഴിഞ്ഞ 21 വര്‍ഷത്തിനിടെ പാര്‍ട്ടിയോട് ഒരു പദവിയോ, സ്ഥാനാര്‍ത്ഥിത്വമോ ചോദിച്ചിട്ടില്ല. ബാലാസാഹേബിന്റെ ഹിന്ദു രാഷ്ട്രത്തിന് പകരം, കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നത് ഹൃദയത്തിന് ഉള്‍ക്കൊള്ളാനാകുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഏറെ വിഷമം പിടിച്ച തീരുമാനമാണിത്. അതിനാല്‍ ശിവസേനയില്‍ നിന്നും രാജിവെക്കുകയാണ്. ശിവസേന ശക്തമായ നിലയിലെത്തി, സര്‍ക്കാര്‍ രൂപീകരിക്കുന്ന വേളയിലാണ് താന്‍ പാര്‍ട്ടി വിടുന്നത്. ആശയങ്ങളിലും തത്വസംഹിതയിലും ഉറച്ചുനില്‍ക്കുന്ന ശിവസൈനികന്‍ എന്ന അഭിമാനത്തോടെയാണ് പാര്‍ട്ടി വിടുന്നതെന്നും രമേഷ് സോളങ്കി രാജിക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com