മകനെ പോലെ കരുതിയയാളെ ചതിച്ചു, മോഷണമുതല്‍ വിറ്റ് മറ്റൊരിടത്ത് 'ഗംഭീര' ബിസിനസ്സ്; വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നരകോടി സ്വര്‍ണവുമായി കുടുങ്ങി, ട്വിസ്റ്റ്

ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെ വര്‍ഷങ്ങള്‍ക്ക് മുന്‍പുളള മോഷണകേസ് തെളിയിച്ച് മുംബൈ പൊലീസ്
മകനെ പോലെ കരുതിയയാളെ ചതിച്ചു, മോഷണമുതല്‍ വിറ്റ് മറ്റൊരിടത്ത് 'ഗംഭീര' ബിസിനസ്സ്; വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നരകോടി സ്വര്‍ണവുമായി കുടുങ്ങി, ട്വിസ്റ്റ്

മുംബൈ: ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെ വര്‍ഷങ്ങള്‍ക്ക് മുന്‍പുളള മോഷണകേസ് തെളിയിച്ച് മുംബൈ പൊലീസ്. ഏഴുവര്‍ഷം മുന്‍പ് രണ്ട് കിലോ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞ മോഷ്ടാവിനെയാണ് ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെ മുംബൈ ക്രൈബ്രാഞ്ച് പിടികൂടിയത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്ധേരിയിലാണ് സംഭവം. ബിസിനസ്സുകാരന്റെ ഫഌറ്റില്‍ നിന്ന് സ്വര്‍ണവുമായി ജീവനക്കാരന്‍ കടന്നുകളഞ്ഞുവെന്നാണ് കേസ്. വ്യാജ മേല്‍വിലാസത്തിലാണ് ഇയാള്‍ ഇവിടെ ജോലി ചെയ്തിരുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജ് പതിവായി പ്രതി അപ്‌ഡേറ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് തന്ത്രപൂര്‍വ്വം കുടുക്കുകയായിരുന്നു. 36 വയസ്സുകാരനായ സന്ദീപ് ഡിന്‍ മൊഹമ്മദാണ് മഥുരയില്‍ നിന്ന് പിടിയിലായത്. ഒന്നര കോടി വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറയുന്നു. ഇത് വിറ്റ് കിട്ടിയ പണം കൊണ്ട് സന്ദീപ് വീടു വാങ്ങുകയും ചൈനീസ് ഭക്ഷണശാല ആരംഭിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

2010ല്‍ സന്ദീപിന്റെ പെരുമാറ്റം ഇഷ്ടമായ ബിസിനസ്സുകാരന്‍ മകനെ പോലെയാണ് ഇയാളെ പിന്നീട് കണ്ടിരുന്നത്. പുതിയ ഭക്ഷണശാല തുടങ്ങുന്നതിന് ബിസിനസ്സുകാരന്‍ സന്ദീപിനെ സഹായിച്ചതായും പൊലീസ് പറയുന്നു. 2012 ഒക്ടോബറില്‍ ബിസിനസ്സുകാരന്റെ കുടുംബത്തില്‍ മരണം സംഭവിച്ചു. ഇതിന്റെ ആവശ്യങ്ങള്‍ക്കായി സോലാപൂരില്‍ ബിസിനസ്സുകാരന്‍ പോയി. അതിനിടെ അന്ധേരിയിലെ ഫഌറ്റില്‍ പോയി വീട് വൃത്തിയാക്കാന്‍ ബിസിനസ്സുകാരന്റെ ഭാര്യ സന്ദീപിനോട് ആവശ്യപ്പെട്ടു. ഫഌറ്റില്‍ എത്തിയ സന്ദീപ് സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞു എന്നാണ് കേസ്.

തുടര്‍ന്ന് മഥുരയില്‍ എത്തിയ സന്ദീപ് വേറെ പേരില്‍ പുതിയ ജീവിതം ആരംഭിച്ചതായി പൊലീസ് പറയുന്നു. സ്വര്‍ണാഭരണങ്ങള്‍ വിറ്റ് കിട്ടിയ പണം കൊണ്ട് ഭക്ഷണശാല ആരംഭിച്ച സന്ദീപിന്റെ ബിസിനസ്സ് ശക്തമായി മുന്നോട്ടുപോകുന്നതിനിടെയാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com