രാജസ്ഥാനില്‍ മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നുന്ന ജയം; 37 ഇടത്ത് കരുത്തുകാട്ടി, ബിജെപി 12ലേക്ക് ചുരുങ്ങി

രാജസ്ഥാനില്‍ മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നുന്ന ജയം
രാജസ്ഥാനില്‍ മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നുന്ന ജയം; 37 ഇടത്ത് കരുത്തുകാട്ടി, ബിജെപി 12ലേക്ക് ചുരുങ്ങി

ജയ്പൂര്‍: രാജസ്ഥാനില്‍ മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നുന്ന ജയം. 49 നഗരസഭകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 37 ഇടത്തും കോണ്‍ഗ്രസ് ജയിച്ചു. സ്വതന്ത്രരുടെ പിന്തുണയോടെയാണ് നഗരസഭകളുടെ ഭരണം കോണ്‍ഗ്രസ് പിടിച്ചെടുത്തത്. 12 ഇടത്ത് മാത്രമായി ബിജെപി ചുരുങ്ങി.

സംസ്ഥാനത്ത് നഗരസഭ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. തുടര്‍ന്ന് മേയര്‍, ചെയര്‍പേഴ്‌സണ്‍ എന്നിവരെ നിശ്ചയിക്കുന്നതിന് നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പ്രകടനം ആവര്‍ത്തിക്കുകയായിരുന്നു. 36 നഗരസഭകളില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍, ഒരിടത്ത് കോണ്‍ഗ്രസിന്റെ പിന്തുണയോടെ സ്വതന്ത്രന്‍ വിജയിച്ചു.

ജയ്‌സാല്‍മറിലാണ് കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്രന്‍ ചെയര്‍പേഴ്‌സണായത്. മുന്‍പ് രൂപ്‌വാസ് നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേയ്ക്ക് എതിരില്ലാതെയാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ചെയര്‍പേഴ്‌സണ്‍ വിജയം ആവര്‍ത്തിച്ചു. ഇതോടെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള വിജയികളുടെ എണ്ണം 37 ആയത്.

ബീക്കാനീര്‍, ഭരത്പൂര്‍, ഉദയ്പൂര്‍ എന്നി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലാണ് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഭരത്പൂര്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബീക്കാനീറും ഉദയ്പൂറും ബിജെപിക്ക് ലഭിച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനുളള അംഗീകാരമാണ് നഗരസഭ തെരഞ്ഞെടുപ്പ് വിജയമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com