വീണ്ടും വന്‍ ഹണി ട്രാപ് അറസ്റ്റ്; യുവതികള്‍ വശീകരിച്ചു വലയിലാക്കി പണം തട്ടി; എംഎല്‍എയുടെ ലൈംഗിക സംഭാഷണം പുറത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th November 2019 09:53 PM |
Last Updated: 28th November 2019 09:53 PM | A+A A- |

പ്രതീകാത്മക ചിത്രം
ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ നേതാക്കളെയും വമ്പന്‍ വ്യവസായികളെയും ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന സംഘത്തിലെ എട്ടു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ഉത്തര കര്‍ണാടകയിലെ ഒരു എംഎല്‍എയുടെ പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് എട്ടംഗ സംഘത്തിന്റെ അറസ്റ്റിലേക്ക് എത്തിയത്. മൂന്നു വര്‍ഷമായി ബെംഗളൂരുവില്‍ വിവിധയിടങ്ങളില്‍ ഇവര്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
നേരത്തെ, എംഎല്‍എയുടെ ലൈംഗിക സംഭാഷണങ്ങള്‍ അടങ്ങിയ ടേപ് പുറത്തുവന്നിരുന്നു. അറസ്റ്റു ചെയ്തവരുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഘത്തിന്റെ മുഖ്യ സൂത്രധാരന്‍ ആരാണെന്നുള്ള തിരച്ചിലിലാണ് പൊലീസ്. അറസ്റ്റിലായവരില്‍ രണ്ടു സ്ത്രീകളുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോടികള്‍ തട്ടാനായി ഇനിയും പ്രശസ്തരെ നോട്ടമിട്ടിരിക്കുന്നതിനിടയിലാണ് അറസ്‌റ്റെന്നാണ് വിവരം.
25 കോടി രൂപ ആവശ്യപ്പെട്ട് ഒരു യുവതി വിളിച്ചെന്ന രാഷ്ട്രീയ നേതാവിന്റെ പരാതിയില്‍ നിന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. നവംബര്‍ 26 നാണ് എട്ടംഗ സംഘം പൊലീസ് പിടിയിലാകുന്നത്. തുടര്‍ന്നു ലഭിച്ച ഫോണ്‍ സന്ദേശങ്ങള്‍ പിന്തുടര്‍ന്നാണ് പൊലീസ് അന്വഷണം നടത്തിയത്. സംഘത്തിലെ ചിലയാളുകളുമായി പൊലീസ് സംസാരിച്ചു. മൊബൈല്‍ സംഭാഷണങ്ങള്‍ വഴി നടത്തിയ അന്വേഷണം ചെന്നെത്തിയത് വാര്‍തൂരില്‍ അഞ്ചു പേരുടെ അറസ്റ്റില്‍. എത്ര പേര്‍ക്കു പണം നഷ്ടപ്പെട്ടുവെന്നോ എത്ര നഷ്ടപ്പെട്ടുവെന്നോ അറിയില്ലെന്നാണ് പൊലീസ് പറയുന്നത്. സംഘത്തിന് ഉന്നത ബന്ധങ്ങള്‍ ഉണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.
ബെംഗളൂരുവിനു പുറത്തുള്ള രാഷ്ട്രീയക്കാരാണ് സംഘത്തിന്റെ സ്ഥിരം ഇരകള്‍. ഒരു വ്യക്തിയെ ലക്ഷ്യം വച്ചതിന് ശേഷം പടിപടിയായാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ഇയാളെ വശീകരിച്ചു വരുതിയിലാക്കാന്‍ ഒരു യുവതിയെ നിയോഗിക്കും. കെണിയില്‍ വീണെന്ന് ഉറപ്പായ ശേഷം നേതാവിന്റെ വിദേശ യാത്രകളിലും മറ്റും യുവതി പങ്കാളിയാകും. പിന്നീട് ഗെസ്റ്റ് ഹൗസുകളിലേക്കും നക്ഷത്ര ഹോട്ടലുകളിലേക്കും ക്ഷണിക്കും. അവിടെ മാഫിയ സംഘത്തിലുള്ളവര്‍ രഹസ്യക്യാമറകള്‍ ഘടിപ്പിച്ചിരിക്കും.
യുവതിയുമൊത്തുള്ള രഹസ്യനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തും. ശേഷം സംഘം ഈ ദൃശ്യങ്ങള്‍ വിഡിയോയില്‍ കുടുക്കിയ നേതാവിന് അയച്ചുകൊടുത്തു പണം ആവശ്യപ്പെടും. ലക്ഷങ്ങളും കോടികളുമാകും ആവശ്യപ്പെടുക. പണം നല്‍കിയില്ലെങ്കില്‍ വിഡിയോ സമൂഹമാധ്യമങ്ങളിലും മറ്റും പ്രദര്‍ശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തും.