വ്യക്തികളെ നിരീക്ഷിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്; പെഗാസസ് വിഷയത്തില്‍ നിയമപരമല്ലാത്തത് ഒന്നും നടന്നിട്ടില്ല: രവിശങ്കര്‍ പ്രസാദ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th November 2019 04:45 PM |
Last Updated: 28th November 2019 04:45 PM | A+A A- |

ന്യൂഡല്‍ഹി: വ്യക്തികളെ നിരീക്ഷിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസുരക്ഷ മുന്‍നിര്‍ത്തി അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തികളെ നിരീക്ഷിക്കാമെന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ പറഞ്ഞു. ഐടി നിയമത്തില്‍ ഇതിന് വ്യവസ്ഥയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വിവര സംരക്ഷണ ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് വാങ്ങിയോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മന്ത്രി നേരിട്ട് മറുപടി നല്‍കിയില്ല. ദിഗ്‌വിജയ് സിങാണ് ചോദ്യം ഉന്നയിച്ചത്. നിയമപരമല്ലാത്ത ഒരു പ്രവൃത്തിയും നടന്നിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി.
ജേര്‍ണലിസ്റ്റുകളുടെയും ആക്ടിവിസ്റ്റുകളുടെയും വാട്‌സ്ആപ് വിവരങ്ങള്‍ ചോര്‍ത്തിയതില്‍ കേന്ദ്രസര്‍ക്കാരിന് എന്ത് റോളാണുള്ളതെന്ന് വ്യക്തമാക്കണം എന്നായിരുന്നു ദിഗ്്‌വിജയ് സിങിന്റെ ആവശ്യം. സ്വകാര്യതയെ ഹനിക്കുന്ന നടപടിയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലും വിദേശത്തുമുള്ള ഡിജിറ്റല്‍ രംഗത്തെ പ്രമുഖരെ മാര്‍ക്കറ്റ് വളര്‍ത്താനായി രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമേയുള്ളു, എന്നാല്‍ ജനങ്ങളുടെ സ്വകാര്യതയും സുരക്ഷിതത്വവും പ്രധാനമാണ് എന്ന് അവര്‍ മനസ്സിലാക്കണം എന്നാണ് മന്ത്രി മറുപടി പറഞ്ഞത്.
വാട്‌സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിക്കണമെന്ന് ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.