ചരിത്രമെഴുതാൻ പുതുസഖ്യം ; മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ  ഇന്ന്  ; ആഘോഷമാക്കാൻ ശിവസേന

മന്ത്രിസഭയില്‍ ശിവസേനയ്ക്കും എന്‍സിപിക്കും 15 വീതവും കോണ്‍ഗ്രസിന് 13 മന്ത്രിമാരും ഉണ്ടാകുമെന്നാണ് ധാരണ
ചരിത്രമെഴുതാൻ പുതുസഖ്യം ; മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ  ഇന്ന്  ; ആഘോഷമാക്കാൻ ശിവസേന

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന തലവൻ ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് വൈകീട്ട് 6.40 ന് മുംബൈയിലെ ശിവജി പാർക്കിലാണ് സത്യപ്രതിജ്ഞ നടക്കുക. ഉദ്ധവ് താക്കറെയും എൻസിപിയിൽ നിന്നും കോൺ​ഗ്രസിൽ നിന്നും ഏതാനും മന്ത്രിമാരും മാത്രമേ ഇന്ന് സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യതയുള്ളൂ. ശിവസേനയുടെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് 59 കാരനായ ഉദ്ധവ്. അതേസമയം താക്കറെ കുടുംബത്തിൽ നിന്നും ഒരാൾ മുഖ്യമന്ത്രി പദത്തിൽ എത്തുന്നത് ആദ്യമായാണ്. ഇത് വൻ ആഘോഷമാക്കാനാണ് ശിവസേന തയ്യാറെടുക്കുന്നത്.

മന്ത്രിസഭയില്‍ ശിവസേനയ്ക്കും എന്‍സിപിക്കും 15 വീതവും കോണ്‍ഗ്രസിന് 13 മന്ത്രിമാരും ഉണ്ടാകുമെന്നാണ് ധാരണ. വൈ.ബി ചവാന്‍ സെന്ററില്‍ നടന്ന മഹാ വികാസ് അഘാടിയുടെ യോഗത്തിലാണ് മന്ത്രിമാരുടെ കാര്യത്തില്‍ ധാരണയായത്. ഒരു ഉപമുഖ്യമന്ത്രി മാത്രമേ ഉണ്ടാകൂ. അത് എൻസിപിയിൽ നിന്നായിരിക്കും. ജയന്ത് പാട്ടീലാണോ, പാർട്ടിയിൽ തിരിച്ചെത്തിയ അജിത് പവാറാണോ ഉപമുഖ്യമന്ത്രി എന്ന കാര്യത്തിൽ ശരദ് പവാർ അന്തിമ തീരുമാനം എടുത്തിട്ടില്ല.

അജിത് പവാറിന് മന്ത്രിസഭയിൽ ഉന്നത സ്ഥാനം നൽകണമെന്ന് പാർട്ടി എംഎൽഎമാർ ആവശ്യപ്പെട്ടിട്ടുണ്ട്. എൻസിപിയിൽ നിന്നും ജയന്ത് പാട്ടീൽ, ഛ​ഗൻ ഭുജ്ബൽ എന്നിവരും കോൺ​ഗ്രസിൽ നിന്ന് ബാലാസാഹേബ് തോറാട്ടും, ശിവസേനയിൽ നിന്ന് ഏക്നാഥ് ഷിൻഡേയും ഇന്ന് ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കും. സ്പീക്കർ പദവി കോൺ​ഗ്രസിന് നൽകാനും മഹാ വികാസ് അഘാടിയുടെ യോ​ഗം തീരുമാനിച്ചിട്ടുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺ​ഗ്രസ് അധ്യക്ഷ സോണിയാ​ഗാന്ധി, മുൻ അധ്യക്ഷൻ രാഹുൽ​ഗാന്ധി, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ, മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ബിജെപി ഇതര പാർട്ടി നേതാക്കൾ തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ട്. നീണ്ട ദിവസത്തെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് ഉദ്ധവ് താക്കറെ വ്യാഴാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com