അടുത്ത 'രാഷ്ട്രീയ ഭൂകമ്പം' ഗോവയില്‍ ; ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേന നേതാവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th November 2019 12:56 PM |
Last Updated: 29th November 2019 01:03 PM | A+A A- |

മുംബൈ : മഹാരാഷ്ട്രയിലെ സംഭവവികാസങ്ങള്‍ക്ക് പിന്നാലെ, ബിജെപിക്കെതിരായ പൊതുസഖ്യം എന്ന മഹാരാഷ്ട്ര മോഡൽ അയല്‍ സംസ്ഥാനമായ ഗോവയിലും പരീക്ഷിക്കാന്‍ ശിവസേന തയ്യാറെടുക്കുന്നതായി സൂചന. ഇതുസംബന്ധിച്ച സൂചന ശിവസേന നേതാവ് സഞ്ജയ് റാവത്ത് നല്‍കി. ഗോവയില്‍ അത്ഭുതമോ, രാഷ്ട്രീയമായ ഒരു ഭൂകമ്പമോ അടുത്ത് സംഭവിച്ചേക്കാമെന്നാണ് റാവത്ത് അഭിപ്രായപ്പെട്ടത്.
ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി പ്രസിഡന്റും മുന്‍ ഉപമുഖ്യമന്ത്രിയുമായ വിജയ് സര്‍ദേശായിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ മൂന്ന് എംഎല്‍എമാരുമായും റാവത്ത് കൂടിക്കാഴ്ച നടത്തി. കുറഞ്ഞത് നാല് എംഎല്‍എമാരുമായി ആശയവിനിമയം നടന്നുവരുകയാണ്. പുതിയൊരു രാഷ്ട്രീയ ചേരി ഗോവയില്‍ വൈകാതെ രൂപംകൊള്ളും. മഹാരാഷ്ട്രയില്‍ സംഭവിച്ചതുപോലെ. ഗോവയിലും സമീപഭാവിയില്‍ ഒരു അത്ഭുതം പ്രതീക്ഷിക്കാമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.
ബിജെപി വിരുദ്ധ ചേരി മറ്റ് സംസ്ഥാനങ്ങളിലും ശാക്തികചേരിയായി മാറും. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഗോവ. അതിന് ശേഷം മറ്റ് സംസ്ഥാനങ്ങള്‍. അങ്ങനെ ഇന്ത്യ മുഴുവന്‍ ഒരു ബിജെപി വിരുദ്ധ മഹാ രാഷ്ട്രീയ മുന്നണിയുണ്ടാക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
Sanjay Raut, Shiv Sena: Goa Forward Party president & ex-Dy CM of Goa, Vijai Sardesai along with 3 MLAs, is forming alliance with Shiv Sena. A new political front is taking shape in Goa, just like it happened in Maharashtra. Jaldi hi Goa mein bhi aapko ek chamatkar dikhai dega. pic.twitter.com/IBQKsmKmbU
— ANI (@ANI) November 29, 2019
ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും ശിവസേനയും തമ്മില്‍ സഖ്യമുണ്ടാക്കിയാലും നിലവില്‍ ബിജെപിക്ക് ഭീഷണിയില്ല. കോണ്‍ഗ്രസും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും പിളര്‍ത്തി അംഗബലം വര്‍ധിപ്പിച്ച ബിജെപിക്ക് ഇപ്പോള്‍ 27 എംഎല്‍എമാരാണുള്ളത്. 40 അംഗ ഗോവ നിയമസഭയില്‍ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിക്ക് മൂന്ന് അംഗങ്ങളും കോണ്‍ഗ്രസിന് അഞ്ചും എന്‍സിപിക്കും മഹാരാഷ്ട്രവാദി ഗോമന്ത് പാര്‍ട്ടിക്കും ഓരോ അംഗങ്ങളുമാണുള്ളത്.
2017 ല്‍ ഫലം വന്നപ്പോള്‍ 17 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 13 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി അപ്രതീക്ഷിത നീക്കത്തിലൂടെ സര്‍ക്കാരുണ്ടാക്കുകയായിരുന്നു. അന്ന് എംജിപിക്ക് മൂന്നു പേരുണ്ടായിരുന്നത് ഇപ്പോള്‍ ഒന്നായി ചുരുങ്ങി. രണ്ട് തവണയായി കോണ്‍ഗ്രസില്‍ നിന്ന് 12 പേര്‍ ബിജെപിയിലെത്തി. ഇതോടെ ബിജെപിയുടെ അംഗബലം ഇപ്പോല്‍ 27 ആയി.