ആഹ്ലാദം അതിരുവിട്ടു; വിവാഹാഘോഷത്തിനിടെ വെടിവയ്പ്; വീഡിയോഗ്രാഫർ മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th November 2019 10:22 PM |
Last Updated: 29th November 2019 10:48 PM | A+A A- |

പട്‌ന: വിവാഹാഘോഷത്തിനിടെ ആഹ്ലാദ സൂചകമായി നടത്തിയ വെടിവയ്പ്പിൽ വീഡിയോഗ്രാഫർ മരിച്ചു. ബിഹാറിലെ സമസ്തിപുർ ജില്ലയിൽ വ്യാഴാഴ്ചയാണ് ദാരുണ സംഭവം.
റെയിൽവേ ക്ലബിൽ നടത്തിയ വിവാഹ സത്കാരത്തിൽ നൃത്തം ചെയ്യുന്നതിനിടെ ഒരാൾ അശ്രദ്ധമായി റിവോൾവറിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ വീഡിയോഗ്രഫർ വിജയ് കുമാർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ സമസ്തിപുർ പൊലീസ് അശ്രദ്ധമായി വെടിവച്ചതിനെതിരെ കേസെടുക്കുകയും പ്രതികൾക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
അഞ്ച് ദിവസം മുൻപ് സമാന സംഭവം വൈശാലി ജില്ലയിലെ ഹാജിപുരിൽ നിന്ന് റിപ്പോർട്ട് ചെയ്പ്പെട്ടിരുന്നു. അന്ന് വീഡിയോഗ്രഫർ മനോജ് കെ സാഹ എന്നയാളാണ് വെടിവയ്പിൽ കൊല്ലപ്പെട്ടത്.