ഹാഫ് പാന്റിട്ട് ക്ലാസ്സിലെത്തി, നഗ്നനാക്കി ടൈയും കയ്യും കൂട്ടിക്കെട്ടി അധ്യാപകരുടെ മര്‍ദ്ദനം, വിദ്യാര്‍ത്ഥി ജീവനൊടുക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th November 2019 04:47 PM |
Last Updated: 30th November 2019 04:47 PM | A+A A- |

അമൃത്സര്‍ : ഹാഫ് പാന്റ് ധരിച്ച് ക്ലാസിലെത്തിയതിന് വസ്ത്രം ഉരിഞ്ഞ് അപമാനിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ധനഞ്ജയ് തിവാരി എന്ന 17 കാരനാണ് അപമാനഭാരത്താല്‍ ജീവനൊടുക്കിയത്.
രണ്ടുദിവസം മുമ്പാണ് ധനഞ്ജയ് ഹാഫ് പാന്റും ധരിച്ച് ക്ലാസിലെത്തിയത്. കുട്ടിയുടെ നടപടിയെ എതിര്‍ത്ത ടീച്ചര്‍മാര്‍ വിവരം പ്രിന്‍സിപ്പളിനെ അറിയിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ കൈകള്‍ ടൈയുമായി കൂട്ടിക്കെട്ടുകയും, നിരവധി തവണ അടിക്കുകയും ചെയ്തു. വീണ്ടും അപമാനിച്ച അധ്യാപകര്‍ ക്ലാസ്സിലെ സഹപാഠികളുടെ മുന്നില്‍ വെച്ച് ധനഞ്ജയിനെ വസ്ത്രങ്ങള്‍ അഴിച്ച് നഗ്നനാക്കുകയും ചെയ്തു.
ഇതോടെ മാനസ്സികമായി തകര്‍ന്ന കുട്ടിയെ കഴിഞ്ഞ ദിവസം വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തോടെ കുട്ടി മാനസ്സികമായി ആകെ തകര്‍ന്ന നിലയിലായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ട പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഡെപ്യൂട്ടി കമ്മീഷണറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി. ധനഞ്ജയിന്റെ മരണത്തില്‍ പ്രിന്‍സിപ്പലിനും ടീച്ചര്‍മാര്‍ക്കുമെതിരെ കേസെടുക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.