ആട് ചത്തതുകാരണം കോള്‍ ഇന്ത്യക്ക് മൂന്നരമണിക്കൂറില്‍ 2.7 കോടിരൂപയുടെ നഷ്ടം 

അതിക്രമിച്ച് കയറിയ ആട് അപകടത്തില്‍ ചത്തതിനെ തുടര്‍ന്ന് രൂപപ്പെട്ട നാട്ടുകാരുടെ പ്രതിഷേധത്തില്‍ കോള്‍ ഇന്ത്യയ്ക്ക് കോടികളുടെ നഷ്ടം
ആട് ചത്തതുകാരണം കോള്‍ ഇന്ത്യക്ക് മൂന്നരമണിക്കൂറില്‍ 2.7 കോടിരൂപയുടെ നഷ്ടം 

ഭുവനേശ്വര്‍: അതിക്രമിച്ച് കയറിയ ആട് അപകടത്തില്‍ ചത്തതിനെ തുടര്‍ന്ന് രൂപപ്പെട്ട നാട്ടുകാരുടെ പ്രതിഷേധത്തില്‍ കോള്‍ ഇന്ത്യയ്ക്ക് കോടികളുടെ നഷ്ടം.കോള്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ മഹാനദി കോള്‍ഫീല്‍ഡ് ലിമിറ്റഡിനാണ് (എംസിഎല്‍) ആട് ചത്തത് മൂലം രൂപപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്ന്  2.7 കോടി രൂപയുടെ നഷ്ടമുണ്ടായത്. കോള്‍ ഇന്ത്യയുടെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് നഷ്ടം.

മഹാനദി കോള്‍ഫീല്‍ഡ് ലിമിറ്റഡിന് കീഴിലെ താല്‍ച്ചറിലെ കല്‍ക്കരിപ്പാടത്ത് ഒരു ആട് അപകടത്തില്‍ ചത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആട് ചത്ത വിവരമറിഞ്ഞ് പ്രദേശവാസികള്‍ കല്‍ക്കരിപ്പാടത്തേക്ക് ഇരച്ചെത്തി. ഇതോടെ കല്‍ക്കരിനീക്കം ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു. ഒടുവില്‍ പോലീസെത്തി സംഭവത്തില്‍ ഇടപെട്ടതോടെയാണ് കല്‍ക്കരിപ്പാടത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. 

നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മൂന്നരമണിക്കൂറോളം പ്രവര്‍ത്തനം നിലച്ചെന്നും ഒരു ആടിന് വലിയവില കൊടുക്കേണ്ടിവരുമെന്നത് സത്യമാണെന്നും എംസിഎല്‍ വക്താവ് ഡിക്കെന്‍ മെഹ്‌റ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതായും പ്രദേശവാസികള്‍ കല്‍ക്കരിപ്പാടത്ത് അതിക്രമിച്ച് കടക്കുന്നതും കല്‍ക്കരിയെടുക്കുന്നതും കന്നുകാലികളെ മേയാന്‍ വിടുന്നതും പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com