ദോക്‌ലാമിലേക്ക് ഇനി വെറും 40 മിനുട്ട് മാത്രം ; അതിര്‍ത്തി മേഖലയിലേക്ക് റോഡ് നിര്‍മ്മിച്ച് ഇന്ത്യ ; സൈനിക നീക്കത്തിന് ഇനി അതിവേഗം

ദോക്‌ലാമിലേക്ക് ഇനി വെറും 40 മിനുട്ട് മാത്രം ; അതിര്‍ത്തി മേഖലയിലേക്ക് റോഡ് നിര്‍മ്മിച്ച് ഇന്ത്യ ; സൈനിക നീക്കത്തിന് ഇനി അതിവേഗം

ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണ് സൈനിക നീക്കം എളുപ്പമാക്കുക ലക്ഷ്യമിട്ട് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്

ന്യൂഡല്‍ഹി : ചൈനയോട് ചേര്‍ന്നുള്ള അതിര്‍ത്തി മേഖലയായ ദോക്‌ലാം താഴ്‌വരയിലേക്ക് പുതിയ റോഡ് നിര്‍മിച്ച് ഇന്ത്യ. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണ് സൈനിക നീക്കം എളുപ്പമാക്കുക ലക്ഷ്യമിട്ട് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സിക്കിം അതിര്‍ത്തിയോടു ചേര്‍ന്നുള്ള ദോക് ലാമില്‍ 2017ല്‍ ഇന്ത്യ- ചൈന സേനകള്‍ തമ്മിലുള്ള സംഘര്‍ഷം യുദ്ധഭീതി പരത്തിയിരുന്നു. സംഘര്‍ഷം 73 ദിവസമാണ് നീണ്ടു നിന്നത്. 

അന്ന് സൈന്യം 7 മണിക്കൂറെടുത്താണ് ദോക് ലായിലെത്തിയത്. ഈ ദൂരം ഇനി വെറും 40 മിനിറ്റുകൊണ്ട് താണ്ടാനാകും. റോഡ് നിര്‍മാണം മേഖലയിലെ സൈനിക വിന്യാസത്തില്‍ ഇന്ത്യയ്ക്കു കരുത്തേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനയിലെ ചുംബി താഴ്‌വര, ഭൂട്ടാന്‍ എന്നീ പ്രദേശങ്ങള്‍ ഇന്ത്യയുമായി കൂടിച്ചേരുന്ന മേഖലയാണിത്. 

2017ലെ പ്രശ്‌ന സമയത്ത് ദോക്‌ലായിലേക്കു സഞ്ചരിക്കാന്‍ ഇന്ത്യയ്ക്ക് ഒരു പാത മാത്രമാണ് ഉണ്ടായിരുന്നത്. ഇത് ഇന്ത്യന്‍ സൈനിക നീക്കത്തിന് ഏറെ പ്രതിസന്ധി സൃഷ്ടിതച്ചിരുന്നു. ഇനി മുതല്‍ ദോക് ലായിലേക്ക് ഇന്ത്യയ്ക്കു രണ്ട് വഴികളില്‍ കൂടി എത്തിച്ചേരാമെന്നതാണ് റോഡ് നിര്‍മാണത്തിന്റെ നേട്ടം. പുതിയ റോഡ് ഒരു താഴ്‌വരയില്‍നിന്നു മറ്റു താഴ്‌വരയിലേക്കുള്ള സൈനിക നീക്കത്തിനും വിന്യാസത്തിനും ഉപകാരപ്പെടുമെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 3,346 കിലോമീറ്ററുകള്‍ നീളത്തില്‍ 61 തന്ത്രപ്രധാനമായ പാതകളാണ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ നിര്‍മിച്ചിട്ടുള്ളത്. അതില്‍ 2,400  കിലോമീറ്റര്‍ പാതയിലെ ടാര്‍ ചെയ്യല്‍ പ്രക്രിയയും പൂര്‍ത്തിയായി. ഈ വര്‍ഷം 11 റോഡുകളുടെ ടാറിംഗും പൂര്‍ത്തിയാക്കി. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കിഴക്ക്, പടിഞ്ഞാര്‍ ദിക്കുകളില്‍ 3 റോഡുകള്‍ വീതം 58 കിലോമീറ്റര്‍ ഇനി നിര്‍മാണം പൂര്‍ത്തിയാകാനുണ്ടെന്ന് ബിആര്‍ഒ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റ്‌നന്റ് ജനറല്‍ ഹര്‍പാല്‍ സിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com