6500 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്: മലയാളി അറസ്റ്റില്‍, വ്യാജ അക്കൗണ്ടിലൂടെ അനധികൃതമായി വായ്പ നല്‍കിയെന്ന് കേസ് 

പഞ്ചാബ് - മഹാരാഷ്ട്ര ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ മലയാളിയായ ജോയ് തോമസ് അറസ്റ്റില്‍
6500 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്: മലയാളി അറസ്റ്റില്‍, വ്യാജ അക്കൗണ്ടിലൂടെ അനധികൃതമായി വായ്പ നല്‍കിയെന്ന് കേസ് 

മുംബൈ: പഞ്ചാബ് - മഹാരാഷ്ട്ര ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ മലയാളിയായ ജോയ് തോമസ് അറസ്റ്റില്‍. 6500 കോടി രൂപയുടെ തട്ടിപ്പ് കേസിലാണ് ബാങ്കിന്റെ മുന്‍ മാനേജിങ് ഡയറക്ടറായ ജോയ് തോമസിനെ സാമ്പത്തിക കുറ്റകൃത്യവിഭാഗം അറസ്റ്റ് ചെയ്തത്. വ്യാജ അക്കൗണ്ടിലൂടെ അനധികൃതമായി വായ്പ നല്‍കിയെന്നാണ് ജോയ് തോമസിനെതിരായ കേസ്.

പഞ്ചാബ് - മഹാരാഷ്ട്ര ബാങ്കിന്റെ മുന്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ബാങ്കില്‍ നിന്നും വായ്പയെടുത്ത ഹൗസിങ് ഡവലപ്പ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമമനുസരിച്ച് കേസെടുത്തതിന് പിന്നാലെയാണ് നടപടി. ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍, എച്ച്ഡിഐഎല്ലിന്റെ പ്രോമോട്ടര്‍മാര്‍ എന്നിവരുമായി ബന്ധമുളള മുംബൈയിലെയും അടുത്തപ്രദേശങ്ങളിലെയും ആറുസ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തെരച്ചില്‍ നടത്തിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് നടപടി. 

6500 കോടി രൂപ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എച്ച്ഡിഎല്ലിന് പിഎംസി വായ്പ നല്‍കിയിരുന്നു. ഇവരുടെ കിട്ടാക്കടം മറച്ചുവെക്കാനാണ് 20000ലേറെ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് വായ്പ തട്ടിപ്പ് നടത്തിയത്. വായ്പ തിരിച്ചടവില്‍ തുടര്‍ച്ചയായി റിയല്‍എസ്റ്റേറ്റ് കമ്പനിയായ എച്ച്ഡിഐഎല്‍ വീഴ്ച വരുത്തി. അതേസമയം കമ്പനിക്ക് വായ്പ നല്‍കിയ കാര്യം പഞ്ചാബ്- മഹാരാഷ്ട്ര ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താതെയായിരുന്നു തട്ടിപ്പ് നടത്തിയത്. 2008 മുതല്‍ 2019 വരെയുളള കാലയളവില്‍ റിസര്‍വ് ബാങ്കിനെ ബാങ്ക് തെറ്റിദ്ധരിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com