ഇന്ത്യ - പാക് ആണവയുദ്ധമുണ്ടായാൽ മരിക്കുന്നത് 13 കോടി ജനങ്ങൾ; ലോകത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ഇവ

ലോകചരിത്രത്തിൽ മുൻപുണ്ടായിട്ടില്ലാത്തത്ര വലിയ നഷ്ടങ്ങളാകും ഇന്ത്യ – പാക്ക് യുദ്ധം ഉണ്ടാക്കുക
ഇന്ത്യ - പാക് ആണവയുദ്ധമുണ്ടായാൽ മരിക്കുന്നത് 13 കോടി ജനങ്ങൾ; ലോകത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ഇവ

വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ആണവയുദ്ധമുണ്ടായാൽ രണ്ടാം ലോകമഹായുദ്ധത്തേക്കാൾ വിനാശകരമായ അവസ്ഥ അഭിമുഖീകരിക്കേണ്ടിവരുമെന്ന് പഠനം. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഉണ്ടായ മരണങ്ങളേക്കാൾ കൂടുതലായിരിക്കും ഇന്ത്യ - പാക് യുദ്ധം തുടങ്ങി ഒരാഴ്ച്ചയ്ക്കുള്ളിൽ സംഭവിക്കുന്നത്. അഞ്ച് കോടി മുതൽ 12.5 കോടി വരെ ആളുകൾ നേരിട്ടും നിരവധി ലക്ഷം പേർ പട്ടിണി പോലുള്ള പരോക്ഷ ഫലങ്ങളാലും കൊല്ലപ്പെട്ടേക്കാമെന്നാണ് പഠനം വിശദീകരിക്കുന്നത്.

യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബോൾഡർ, റട്ഗേഴ്സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകർ 2025 ൽ ഇന്ത്യ – പാക്ക് യുദ്ധമുണ്ടായാലുള്ള നഷ്ടങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. സയൻസ് അഡ്വാൻസസ് എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോകത്ത് ഒൻപത് രാഷ്ട്രങ്ങൾക്ക് ആണവായുധ ശേഷിയു‌ണ്ടെങ്കിലും ഇന്ത്യയും പാക്കിസ്ഥാനുമാണ് ശേഷി വേഗത്തിൽ വർധിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ലോകചരിത്രത്തിൽ മുൻപുണ്ടായിട്ടില്ലാത്തത്ര വലിയ നഷ്ടങ്ങളാകും ഇന്ത്യ – പാക്ക് യുദ്ധം ഉണ്ടാക്കുക. നിലവിൽ 150 വീതം ആണവായുധങ്ങളുള്ള ഇന്ത്യയും പാക്കിസ്ഥാനും 2025 ൽ ഇത് ഇരുന്നൂറോളമാക്കി വർദ്ധിപ്പിക്കും. 400 – 500 ആണവായുധങ്ങൾ വച്ചുള്ള യുദ്ധം ലോകത്തിനാകെ ഭീഷണിയാകും എന്നാണ് പഠനത്തിൽ ​ഗവേഷകർ ചൂണ്ടികാണിക്കുന്നത്.

ബോംബു വീഴുന്ന സ്ഥലങ്ങളിൽ മാത്രമല്ല ലോകത്തെയാകെ ആണവയുദ്ധം ബാധിക്കുമെന്നും ഇത് ലോകത്തെ മരണനിരക്ക് ഇരട്ടിയാക്കുമെന്നും പഠനത്തിൽ പറയുന്നു. ആണവായുധങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ 1.6നും 3.6 കോടി ടണ്ണിനും ഇടയിൽ കാർബൺ കണികകൾ അന്തരീക്ഷത്തിലുണ്ടാകും. ആഴ്ചകൾക്കുള്ളിൽ ലോകമാകെ പടരുന്ന കാർബൺ കണികകൾ ഭൂമിയിലേക്കെത്തുന്ന സൂര്യവെളിച്ചത്തെ തടയും. ഭൂമിയുടെ താപനില രണ്ട് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താഴാനും മഴയും സസ്യജാലങ്ങളും 15 – 30 % കുറയാനും ഇത് കാരണമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com