അതിഥി സിങ് മണ്ഡലത്തില്‍/ഫെയ്‌സ്ബുക്ക്‌
അതിഥി സിങ് മണ്ഡലത്തില്‍/ഫെയ്‌സ്ബുക്ക്‌

ശേഷിച്ച കോട്ടയും തകരുന്നു; റായ് ബറേലി കോണ്‍ഗ്രസ് മുക്തമാവുന്നു

അതിഥി സിങ്ങും രാകേഷ് സിങ്ങും കുറച്ചുനാളായി കോണ്‍ഗ്രസിന്റെ ഒരു പരിപാടിയിലും പങ്കെടുക്കുന്നില്ല.

റായ്ബറേലി: ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കോട്ട എന്നറിയപ്പെട്ടിരുന്ന, ഉത്തര്‍പ്രദേശിലെ റായ് ബറേലി 'കോണ്‍ഗ്രസ് മുക്ത'മാവുന്നു. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ പാര്‍ലമെന്റ് മണ്ഡലത്തിനു കീഴില്‍ വരുന്ന ശേഷിക്കുന്ന രണ്ട് എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസ് വിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ബിജെപിയില്‍ ചേര്‍ന്നേക്കും.

403 അംഗ യുപി നിയമസഭയില്‍ കോണ്‍ഗ്രസിന് ഏഴ് അംഗങ്ങളാണുള്ളത്. ഇതില്‍ രണ്ടു പേര്‍ റായ് ബറേലിയില്‍നിന്നാണ്. അതിഥി സിങ്, രാകേഷ് സിങ് എന്നിവരാണ് ജില്ലയില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍. പാര്‍ട്ടിയില്‍നിന്ന് ഭിന്നിച്ചുനില്‍ക്കുന്ന ഇരുവരും ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

അതിഥി സിങ്ങും രാകേഷ് സിങ്ങും കുറച്ചുനാളായി കോണ്‍ഗ്രസിന്റെ ഒരു പരിപാടിയിലും പങ്കെടുക്കുന്നില്ല. റായ് ബറേലിയില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പദയാത്രയില്‍ അതിഥി സിങ് പങ്കെടുത്തിരുന്നില്ല. അതേസമയം വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു.

തന്റെ മനസ്സാക്ഷിക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടി എന്തു നടപടിയെടുത്താലും പ്രശ്‌നമില്ലെന്നുമാണ്, ഇക്കാര്യം ആരാഞ്ഞവരോട് അതിഥി സിങ് പ്രതികരിച്ചത്. കോണ്‍ഗ്രസ് പുറത്താക്കുമെന്ന പ്രതീക്ഷയാണ് അതിഥി സിങ്ങിനുള്ളതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ പറയുന്നത്. പുറത്താക്കിയാല്‍ ബിജെപിയില്‍ ചേര്‍ന്ന് എംഎല്‍എയായി തുടരാം. രാജി വച്ച് വീണ്ടും ജനവിധി തേടാന്‍ അതിഥി ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന.

കോണ്‍ഗ്രസില്‍നിന്നു നേരത്തെ ബിജെപിയില്‍ എത്തിയ ദിനേശ് സിങ്ങിന്റെ സഹോദരനാണ് രാകേഷ് സിങ്. രാകേഷ് സിങ്ങ് ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. പര്‌സ്പരം പോരടിച്ചു നിന്നിരുന്ന അതിഥി സിങ്ങിനെയും രാകേഷ് സിങ്ങിനെയും ബിജെപി മുന്‍കൈയെടുത്ത് ഒന്നിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com