ഡോ. കഫീല്‍ ഖാനെ വിടാതെ യുപി സര്‍ക്കാര്‍: പുതിയ അന്വേഷണത്തിന് ഉത്തരവ്

ഡോ. കഫീല്‍ ഖാനെ വിടാതെ യുപി സര്‍ക്കാര്‍: പുതിയ അന്വേഷണത്തിന് ഉത്തരവ്

സര്‍ക്കാര്‍ ആശുപത്രിയില്‍ നിയമിതനായതിന് ശേഷം ഗൊരഖ്പുരിലെ ഒരു സ്വകാര്യ നഴ്‌സിങ് ഹോമില്‍ 2017 വരെ ഖാന്‍ പ്രാക്ടീസ് നടത്തിയിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഖൊരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ ഡോക്ടര്‍ കഫീല്‍ ഖാനെതിരെ പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് യുപി സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അച്ചടക്കമില്ലായ്മ, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പുതിയ അന്വേഷണം.

സര്‍ക്കാര്‍ ആശുപത്രിയില്‍ നിയമിതനായതിന് ശേഷം ഗൊരഖ്പുരിലെ ഒരു സ്വകാര്യ നഴ്‌സിങ് ഹോമില്‍ 2017 വരെ ഖാന്‍ പ്രാക്ടീസ് നടത്തിയിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതടക്കമുള്ള ആരോപണങ്ങളിലാണ് പുതിയ അന്വേഷണം. മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും തെറ്റിദ്ധാരണ പരത്തിയെന്ന ആരോപണവും ഖാനെതിരേയുണ്ട്.

സസ്‌പെന്‍ഷനിലായിരിക്കേ 2018 സെപ്റ്റംബറില്‍ ബഹരായിച് ജില്ലാ ആശുപത്രിയില്‍ അനധികൃതമായി പ്രവേശിച്ച് കുട്ടികളെ ചികിത്സിക്കാന്‍ ശ്രമിച്ചതിനും ആശുപത്രിയില്‍ പരിഭ്രാന്തി സൃഷ്ടിച്ചതുമടക്കമുള്ള ആരോപണങ്ങള്‍ ഖാനെതിരേ ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങളും പുതിയ അന്വേഷണത്തില്‍പ്പെടും. മെഡിക്കല്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി രജനീഷ് ദുബെയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.

ഖൊരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ 70 നവജാതശിശുക്കള്‍ മരിച്ച സംഭവത്തില്‍ ഖാന്‍ നിരപരാധിയാണെന്ന് കാണിച്ച് കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.

മസ്തിഷ്‌കവീക്കം ബാധിച്ചവരെ പ്രവേശിപ്പിച്ച ബിആര്‍ഡിയിലെ വാര്‍ഡിന്റെ ചുമതല ഖാനായിരുന്നില്ലെന്നും ഓക്‌സിജന്‍ കുറവുള്ളകാര്യം ഖാന്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും അന്വേഷണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com